തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം . പ്രതിപക്ഷ നിരയിൽ നിന്ന് വിഡി സതീശനാണ് പിണറായി വിജയൻ സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രൂക്ഷമായ ആരോപണങ്ങളും ഗുരുതര ആക്ഷേപങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു പ്രമേയ അവതരണം.
ഷെയ്ക്സ്പിയറിന്‍റെ ജൂലിയസ് സീസറിൽ മാര്‍ക്ക് ആന്റണിയുടെ വിഖ്യാത പ്രസംഗം അനുസ്മരിച്ചായിരുന്നു വിഡി സതീശന്‍റെ തുടക്കം . “ഹി ഈസ് ഏൻ ഹോണറബിൾ മാൻ” എന്ന വാചകം ഉദ്ധരിച്ച വിഡി സതീശൻ മുഖ്യമന്ത്രി ആദരണീയനാണ് , എന്നാൽ ഭരണത്തിൽ നിയന്ത്രണമില്ലെന്ന് തുറന്നടിച്ചു.
കപ്പലിന്‍റെ കപ്പിത്താൻ മുഖ്യമന്ത്രിയാണ്. പക്ഷെ കപ്പൽ ആടി ഉലയുകയാണ്. കപ്പിത്താന്‍റെ ക്യാബിനിൽ ആണ് പ്രശ്നം. സ്വര്‍ണക്കള്ളക്കടത്തിൽ അധോലോകം വളര്‍ന്ന് വരുന്നു എന്ന് വളരെ നേരത്തെ പറഞ്ഞിരുന്നു. അപ്പോഴും അറിയില്ലായിരുന്നു അത് ഇങ്ങനെ ഒക്കെ ആകുമെന്ന് . മൂന്നാം കിട കള്ളക്കടത്ത് സംഘത്തിന് പോലും ഉണ്ട് വ്യക്തമായ ബ്ലൂ പ്രിന്‍റ്. സ്വര്‍ണക്കടത്ത് സംഘം ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ആണ് . അമിതാധികാരം ഉള്ള മുഖ്യമന്ത്രിയുടെ ഓഫിസീലെ പ്രബലനെ തന്നെ പിടിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തനങ്ങൾ നടത്തിയത്.
ഐഎഎസുകാര്‍ അടക്കം ഉന്നതരെയാണ് സ്വപ്ന സുരേഷ് വരുതിയിലാക്കിയത്. ഐടി വകുപ്പിന് കീഴിൽ നടന്ന സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാകും. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന് പറഞ്ഞ് എല്ലാ അധികാരങ്ങളോടെയും വിലസിയ ആളെ എല്ലാവരും കണ്ടതാണ്. എൻഫോഴ്സ്മെന്‍റും എൻഐഎയും അടക്കം കയറി ഇറങ്ങുന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഏതൊക്കെ ഫലാണ് അവര്‍ ചോദിക്കുന്നത്. ആരെയൊക്കെയാണ് ചോദ്യം ചെയ്യുന്നത്.
ഇത്രയൊക്കെയായിട്ടും ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറയുകയാണ്. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്ത് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നത്. എല്ലാം ശിവശങ്കറിന്‍റെ തലയിൽ കെട്ടിവച്ചാൽ ഉത്തരവാദിത്തം തീരുമോ എന്നും വിഡി സതീശൻ ചോദിച്ചു. മന്ത്രിമാരെല്ലാം ഒരേ സ്വരത്തിൽ ഇപ്പോൾ ശിവശങ്കര്‍ ദുഷ്ടനാണെന്നും ചതിയനാണെന്നും പറഞ്ഞ് നടക്കുന്നത് പരിഹാസ്യമാണെന്നും വിഡി സതീശൻ പറഞ്ഞു.
ലൈഫ് മിഷനിലും വലിയ തട്ടിപ്പാണ് നടന്നത്. 20 കോടി രൂപ കേരളത്തിൽ കൊണ്ട് വന്നിട്ട് അത് എവിടെ പോയെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ ? ധാരണാപത്രം ഒപ്പിട്ട ശേഷം തുടർ കരാറിൽ ഏർപ്പെട്ടില്ല. നാലര കോടി കൈക്കൂലി അറിയാം എന്ന് ധനമന്ത്രി സമ്മതിച്ചു. എന്നാൽ അത് മാത്രമല്ല കൈക്കൂലിയായി പോയിട്ടുള്ളത്. ചുരുങ്ങിയത് മറ്റൊരു അഞ്ച് കോടി രൂപ കൂടി പോയിട്ടുണ്ട്. അത് ആരുടെ കയ്യിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബെവ്കോ ആപ്പ് നിര്‍മ്മാണം ഏൽപ്പിച്ച ആൾക്ക് അഞ്ച് കോടിയുമായി ബന്ധമുണ്ടോ എന്ന് പറയണമെന്നും വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷൻ അല്ല കൈക്കൂലി മിഷൻ ആയി. ഇരുപത് കോടി രൂപയിൽ ഒമ്പതേകാൽ കോടിയാണ് കൈക്കൂലി നൽകിയത്.
കെടി ജലീലും ഹോണറബിൾ മാൻ ആണ് ആരണീയനാണ്. വിദേശ നിയമങ്ങളെ എല്ലാം ബൂര്‍ഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ആളാണ് കെടി ജലീലെന്ന് വിഡി സതീശൻ പരിഹസിച്ചു. കോൺസുലേറ്റുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ബന്ധം ഉണ്ടാക്കിയ മന്ത്രിയാണ് കെടി ജലീൽ. സക്കാത്താണ് നൽകിയതെങ്കിൽ അത് കയ്യിൽ നിന്നെടുത്താണ് കൊടുക്കേണ്ടത്. തട്ടിപ്പ് കയ്യോടെ പിടികൂടിയപ്പോൾ ആരോപണം മറക്കാൻ വിശുദ്ധ ഗ്രന്ധത്തെ മറയാക്കി. പിന്നെ അതാരും തൊടില്ലെന്നാണ് മന്ത്രി കരുതുന്നതെന്നും വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടാനുള്ള അഞ്ച് ലക്ഷം രൂപക്ക് വേണ്ടി കള്ളക്കടത്ത് കേസിലെ പ്രതിയെ മന്ത്രി ഫോണിൽ വിളിക്കുകായാണ്. എന്തിനാണ് പേഴ്സണൽ സ്റ്റാഫെന്നും വിഡി സതീശൻ ചോദിച്ചു.
കേരളത്തിൽ നടക്കുന്നത് കണസൾട്ടൻസി രാജാണെന്നതിന് അവസാനത്തെ ഉദാഹരണമാണ് തിരുവന്തപുരം വിമാനത്താവള വിവാദമെന്നും വിഡി സതീശൻ പറഞ്ഞു. വിമാനത്താവളത്തിന്റെ ടെന്റര്‍ തുക അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തു. അദാനിയുടെ ബന്ധുവിനെ തന്നെ കൺസൾട്ടന്റ് ആക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കേരളത്തിൽ നടക്കുന്നത് കണസൾട്ടൻസി രാജാണ്. കൺസൾട്ടൻസികളെ കുറിച്ച് ധവള പത്രം ഇറക്കാൻ സര്‍ക്കാര്‍ തയ്യാറാകുമോ ? എല്ലാം അറിയുന്ന ധനമന്ത്രി മൗനമായി ഇരിക്കുന്നു. എല്ലാമറിയാമെങ്കിലും ഒന്നും പറയാനാകില്ല. കാരണം മന്ത്രിസഭയുടെ ഫുട് ബോഡിലാണ് ഐസകിന്‍റെ സ്ഥാനം. കടം തീര്‍ക്കൽ മാത്രമാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ പണിയെന്നും വിഡി സതീശൻ ആരോപിച്ചു.
അപശകുനങ്ങളെ കുറിച്ചും കെട്ടകാലത്തെ കുറിച്ചും ജൂലിയസ് സീസറിൽ പറയുന്ന വരികൾ ഉദ്ധരിച്ചാണ് വിഡി സതീശൻ പ്രസംഗം അവസാനിപ്പിച്ചത്. ഈ ഭരണകാലത്ത് കമ്മീഷൻ ഏജന്‍റുകളും അവതാരങ്ങളും ഇടനിലക്കാരും മൂന്നാമൻമാരും എല്ലാരും സെക്രട്ടേറിയറ്റിലും അധികാര ഇടനാഴികളിലും അലഞ്ഞ് നടക്കുകയാണ്. എന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ശകാര വര്ഷം നടത്തുന്നുകയാണ് മുഖ്യമന്ത്രി . 51 വെട്ടു വെട്ടി ജനാധിപത്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും കശാപ്പുചെയ്യുകയാണ് സര്‍ക്കാരെന്നും വിഡി സതീശൻ പ്രമേയത്തിൽ ആഞ്ഞടിച്ചു.
സഭയില്‍ വാദ പ്രതിവാദങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ജാതി പറഞ്ഞ് വോട്ട് പിടിച്ച് വന്നതല്ലേയെന്ന ഗണേശിന്‍റെ പരാമര്‍ശത്തിനെതിരെ സഭയില്‍ രൂക്ഷ പ്രതികരണമാണുണ്ടായത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ചെന്നിത്തലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഗണേശ് കൈചൂണ്ടി ആക്രോശിച്ചെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. അഭിപ്രായം പറയാൻ അവസരം നൽകണമെന്നും ഭീഷണി വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.
എന്ത് കേട്ടാലും ഭീഷണി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എ അനില്‍ അക്കര ഗണേഷിന് അടുത്തേക്ക് വരാന്‍ ശ്രമിച്ചെന്നും, കുറച്ച് പേര്‍ ആക്രോശിക്കാന്‍ തുടങ്ങിയെന്നും, ഇതല്ല സഭയില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗണേഷ് സംസാരിക്കുമ്പോള്‍ ആരും തടസ്സപ്പെടുത്തിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പ്രസംഗത്തിന് ശേഷം പിന്നീട് സീറ്റില്‍ ഇരുന്ന് വെല്ലുവിളിച്ചാല്‍ സ്വാഭാവികമായും പ്രതികരണമുണ്ടാവില്ലേയെന്നും ചെന്നിത്തല ചോദിച്ചു. മര്യാദയില്ലാത്ത പെരുമാറ്റം ഏത് അംഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായാലും തെറ്റാണെന്നും സംഭവം പരിശോധിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് ചെന്നിത്തല പുതിയ ആരോപണം ഉന്നയിച്ചത്. വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിന്റെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു.
ഐഒസി യുടെ പ്രൊപോസല്‍ തള്ളിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. പൊതുമരാമത്ത് മന്ത്രിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഐഒസി ക്വാട്ട് ചെയ്ത തുകയുടെ പകുതി തുകക്ക് സ്വകാര്യ സ്ഥാപനത്തിന് നല്‍കാന്‍ ശ്രമിച്ചു.റവന്യൂ മന്ത്രിയുടെ കുറിപ്പ് മറി കടന്നാണ് തീരുമാനം.ബിസിനസ് റൂള്‍സ് ലംഘിച്ച്പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
ലൈഫില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. ലൈഫ് പദ്ധതി രണ്ടാം ലാവലിന്‍ എന്നും മന്ത്രി എ സി മൊയ്ദീന്റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. റെഡ് ക്രസന്റ് ഇന്ത്യയില്‍ ഒരു പദ്ധതി തുടങ്ങാന്‍ റെഡ് ക്രോസ് അനുമതി വാങ്ങണം. യൂണിടാക്ക് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സമര്‍പ്പിച്ചത് ലൈഫ് മിഷന്‍ ആയിരുന്നു. യുവി ജോസ് ആണ് ഒപ്പിട്ടത്. അല്ലാതെ താനോ യുഡിഎഫ് മുന്നണിയോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയിലെ ധാരണ പത്രം താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പകര്‍പ്പ് നല്‍കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് നടന്ന ലൈഫ് പദ്ധതി രണ്ടാം ലാവലിന്‍ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലാവലിന്‍ കേസ ഇപ്പോഴും സുപ്രീംകോടതിയില്‍ നടക്കുകയാണെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിര്‍മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാര്‍ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ധാരണപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണ കരാറില്‍ കക്ഷിയല്ല. ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയത് ജുലൈ 11നായിരുന്നു. യുഎഇയിലെ റെഡ് ക്രസെന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടാതിരിക്കെയാണ് നിര്‍മ്മാണം കോണ്‍സുല്‍ ജനറല്‍ നേരിട്ട് ഒപ്പിട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. റെഡ് ക്രസന്റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാര്‍ശം മാത്രമാണ് കരാറിലുള്ളത്. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് നിര്‍മ്മാണകരാര്‍. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മ്മാണ കരാറുകാരനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ കൂടി ചേര്‍ന്നാണ്. ഈ വ്യവസ്ഥ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പക്ഷെ ധാരണാപത്രവും ചട്ടവും അട്ടിമറിച്ച കരാറിലൂടെ തെരഞ്ഞെടുത്ത യൂണിടെക്കിന് പച്ചക്കൊടി കാണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കരാറിനും ശേഷം ഓഗസ്റ്റില്‍ യൂണിടാകിന്റെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷന്‍ സിഇഒ റെഡ് ക്രസന്റിന് അയച്ച കത്താണ് ഇതിന്റെ പ്രധാന ഉദാഹരണം.
യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎൽമാർ നിയമസഭാ നടപടികളിൽ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങൾ വിലയിരുത്തുമെന്നു ചെന്നിത്തല വിമര്‍ശിച്ചു. വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്റെത് പാർട്ടി വിരുദ്ധ നടപടി എന്ന് ജോസഫ് വിഭാഗവും ആരോപിച്ചു. ഇരുവരും നടത്തിയത് അച്ചടക്കലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ഇരു എംഎൽഎമാരും യുഡിഎഫിനോട് കാണിച്ചത് വലിയ വഞ്ചനയാണെന്നും ജോസ് വിഭാഗം വിമര്‍ശിച്ചു.
അവിശ്യാസപ്രമേയത്തിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത നടപടിയെന്ന് നേരത്ത പ്രഖ്യാപിച്ചിരിന്ന യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ അൽപ്പം അയഞ്ഞെങ്കിലും ജോസ് വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. നിയമസഭാ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയ റോഷി അഗസ്റ്റിനും പ്രഫ എൻ ജയരാജും നിയസഭയിലേക്ക് പോകാതെ എംഎൽഎ ഹോസ്റ്റലിൽ തുടർകയായിരുന്നു. അവിശ്വാസപ്രമേയത്തിലും രാജ്യസഭാതെരഞ്ഞെടുപ്പിലും പങ്കെടുത്തില്ല. പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് അംഗീകരിച്ചാണ് നിയമസഭയിലേക്ക് പോകാത്തതെന്നാണ് ഇരു എംഎൽഎമാരുടെയും വിശദീകരണം. എന്നാൽ വിപ്പ് ലംഘിച്ചതോടെ തുടർനടപടി ആലോചിക്കുകയാണ് യുഡിഎഫ്.
യുഡിഎഫ് വിപ്പ് ലംഘിച്ചതിനാൽ കടുത്ത നടപടി വേണമെന്നാണ് പി ജെ ജോസഫിന്റെ ആവശ്യം. എന്നാൽ, തിരക്കിട്ട് നടപടിവേണ്ടെന്ന് യുഡിഎഫിനെ ഒരു വിഭാഗത്തിന്റെ വാദം. ഇതിനിടെ ജോസ് വിഭാഗത്തിന്റെ നീക്കങ്ങൾ ഇടതുമുന്നണി സസൂക്ഷമം നിരീക്ഷിക്കുകയാണ്.
വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിന് എതിരെ കൊണ്ട് പിടിച്ച പ്രചരണം നടത്തുന്നതിന്‍റെ ഭാഗമായാണ് അവിശ്വാസ പ്രമേയ രൂപത്തിൽ നിയമസഭയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്വാസം ആരിൽ എന്നതാണ് പ്രശ്നം. പ്രതിപക്ഷത്തിന് അമ്പരപ്പാണ്. ജനപിന്തുണയുടെ കാര്യം ഒട്ടേറെ അംഗങ്ങൾ ചൂണ്ടിക്കാട്ടി. യുഡിഎഫിൽ ഉണ്ടായിരുന്നവര്‍ തന്നെ വിഘടിച്ച് നിൽക്കുന്ന അവസ്ഥയാണ്. യുഡിഎഫിഷ ബന്ധങ്ങൾ ശിഥിലമായി. ഇതിലെല്ലാമുള്ള അസ്വസ്ഥത മുന്നണിയിലുണ്ട്,. ഈ അസ്വസ്ഥത രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ വരെ പ്രകടമാണ്. ഈ അസ്വസ്ഥതക്ക് മറയിടാനുള്ള ശ്രമമാണോ അവിശ്വാസ പ്രമേയം എന്ന് പറയേണ്ടത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഇടത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ദില്ലിയിൽ കോൺഗ്രസ് നേതൃത്വത്തിൽ അടിയാണ്. നേതാക്കൾക്കെതിരെ അവിശ്വാസം ചര്‍ച്ചയാണ്. കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് ഒപ്പം സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുകയാണെന്നും അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയാണെങ്കിൽ നേരത്തെ തന്നെ വച്ചൊഴിഞ്ഞ അവസ്ഥയാണ്. ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിക്ക് എന്താണ് നേതാവില്ലാത്ത അവസ്ഥായായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ നിന്നുള്ള നേതാക്കൾക്കുപോലും ദേശീയ നേതൃത്വത്തെ കുറിച്ച് ഭിന്ന അഭിപ്രായം ആണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചതിൽ പോലും കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉണ്ട്. ഇതെല്ലാം കോൺഗ്രസ് സ്വയം വിലയിരുത്തണം.
രാജ്യം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ? അയോധ്യ വിഷയത്തിലടക്കം ബിജെപിക്കെതിരെ മിണ്ടാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മാത്രമല്ല ബിജെപിക്ക് പിന്നണി പാടുകയും ചെയ്തു. സാമ്പത്തിക നയങ്ങളെ പോലും എതിര്‍ക്കുന്നില്ല. നല്ല വാഗ്ജാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഇത്രമേൽ അധപതിച്ച പാര്‍ട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും. ഇത്തരം അവസ്ഥകളാണ് അവിശ്വാസ പ്രമേയത്തിന് പ്രേരിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്‍റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് പറഞ്ഞു. വര്‍ഗ്ഗീയതയും അഴിമതിയുമാണ് പഴയ യുഡിഎഫ് കാലം ഓര്‍മ്മിപ്പിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്.
സംസ്ഥാന സർക്കാരിനെതിരെ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. കൊവിഡിനെ തുടർന്ന് പിപിഇ കിറ്റും തെർമോ മീറ്ററും വാങ്ങുന്നതിലാമ് അഴിമതി ആരോപിച്ചത്. പിപിഇ കിറ്റ് വാങ്ങാൻ 300 കോടി രൂപ മെഡിക്കൽ സർവീസ് കോർപ്പറേഷന് കൊടുത്തു. 300 രൂപയ്ക്ക് കിട്ടുന്ന കിറ്റ് 1550 രൂപയ്ക്കാണ് വാങ്ങിയത്.
ഇതിന് പുറമെ ഇൻഫ്രാ റെഡ് തോർമോ മീറ്റർ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇത് വാങ്ങിയത് 5000 രൂപ വീതം ചെലവാക്കിയാണ്. എന്നാൽ പൊതുവിപണിയിൽ 1999 രൂപ മാത്രമാണ് വില. കൊവിഡിന്റെ മറവിൽ തീവെട്ടിക്കൊള്ളയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സാഹചര്യമായതിനാൽ ടെണ്ടർ നോക്കാതെ നൽകുകയാണെന്നായിരുന്നു വിശദീകരണം.
മുഖ്യമന്ത്രിക്ക് വിജയൻ എന്ന പേര് പരാജയത്തിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലന്റെയും താഹയുടെയും കുടുംബം ശപിച്ചിട്ടുണ്ടെങ്കിൽ ആ ശാപം ഏറ്റിരിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻഐഎ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണം വന്നാലും കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെയാണ് എൻഐഎയെ വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലും അധികാര ഇടനാഴിയിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഫോഴ്സ്മെന്റ് വാദിച്ചു. ശിവശങ്കർ എന്ന വ്യക്തിയെ മുഖ്യമന്ത്രി പലപ്പോഴും ന്യായീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും എംകെ മുനീർ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് നിയമസഭയിൽ പരാജയപ്പെടുമെന്ന് അറിയാതെ അല്ലെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അവിശ്വാസ പ്രമേയം ജയിച്ചു .മുഖ്യമന്ത്രിക്ക് മംഗള പത്രം എഴുതുകയാണ് ഭരണ പക്ഷത്തെ എല്ലാവരും ചെയ്തത്. എന്നാൽ നാലര വര്‍ഷത്തെ ഇടത് ഭരണം ഇഴകീറി പരിശോധിക്കാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് കിട്ടിയതെന്നും അതിൽ അഭിമാനമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണം എകെജി സെന്‍ററിൽ നിന്നാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കി ഏകപക്ഷീയമായ ഭരണമാണ് . ഇത് ജനംപൊറുക്കില്ല. പ്രതിപക്ഷ നേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു എന്ന് എല്ലാവരും പറയുന്നു. രേഖകളുടെ പിൻബലമില്ലാതെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല ആരോപണങ്ങളെല്ലാം ജനം വിശ്വസിക്കുകയാണ്. ഒന്നും വെറുതെയായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടിയെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജനാഭിലാഷത്തിനു തുരങ്കം വയ്ക്കാൻ നിയമ സഭയെ ഉപയോഗിച്ചു എന്നാണ് മുരളീധരൻ ട്വീറ്റ് ചെയ്തത്.
“ജനങ്ങൾക്കെതിരെ നിലപാടെടുത്ത് അവരുടെ ആഗ്രഹങ്ങൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് കേരള നിയമസഭ സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ ജനവിരുദ്ധമാണ് എന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തെ എതിർത്തുള്ള പ്രമേയം പാസ്സാക്കിയതിലൂടെ പിണറായി വിജയനും കോൺഗ്രസിനും ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. വികസനത്തിനും വളർച്ചയ്ക്കും വേണ്ടിയുള്ള ജനവികാരത്തെയല്ല അത് പ്രതിഫലിപ്പിക്കുന്നത്.” മുരളീധരൻ ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കിയത്. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിന് നൽകാനുള്ള നടപടി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു .
സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കണ്ണൂർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം ഉണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. യാതൊരു അനുഭവവും ഇല്ലാത്ത കമ്പനിയെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിപ്പ് ഏൽപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് .