രണ്ടാം പകുതിയിൽ രണ്ടുഗോളടിച്ച് സ്‌ട്രൈക്കർ പെരേര ഡയസും ഒരു ഗോൾ നേടി ക്യാപ്റ്റൻ അഡ്രിയാൻ ലൂനയും വെട്ടിത്തിളങ്ങിയപ്പോൾ ഐഎസ്എല്ലിൽ ചെന്നൈക്കെതിരെയുള്ള നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നു ഗോളിന്റെ മിന്നും ജയം.
51ാം മിനുട്ടിലും 54ാം മിനുട്ടിലുമാണ് തകർപ്പൻ ഗോളുകളുമായി പെരേര ഡയസ് അനിവാര്യ വിജയത്തിലേക്ക് ടീമിനെ നയിച്ചത്. പിന്നീട് 90ാം മിനുട്ടിൽ സ്ഥിരം ശൈലിയിൽ ഫ്രീകിക്കിൽ നിന്നായിരുന്നു ലൂന ഗോൾവല കുലുക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗംഭീരകുതിപ്പ്.
സീസണിൽ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ജീവന്മരണ പോരാട്ടങ്ങളായ ബ്ലാസ്റ്റേഴ്‌സിനായി ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം, സൻജീവ്, പ്യൂട്ടിയ, ആയുഷ്, വിൻസി, ലൂന, അൽവാരോ, ഡയസ് എന്നിവരാണ് മത്സരത്തിലെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ആദ്യപകുതിയിൽ ചില ഗോളവസരങ്ങൾ ഉണ്ടയെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം നേടാനായില്ല. കേരള സ്ട്രൈക്കർ ഡയസ് പെരേരയുടെ ഹെഡർ ഗോൾവലയിലെത്തിയില്ല. മറ്റൊരു ഫ്രീകിക്കിലൂടെയും പെരേരക്ക് അവസരം കിട്ടിയെങ്കിൽ പന്ത് വലയ്ക്കകത്ത് എത്തിക്കാനായില്ല.
ആയുഷ് അധികാരിയെ അനിരുദ്ധ് താപ്പ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് വഴി ലഭിച്ച അവസരം മുതലെടുക്കാൻ അൽവാരോ വാസ്‌കസിനുമായില്ല. അതേസമയം ചെന്നൈ താരം വ്ളാഡ്മിർ കൂമാൻ എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടി പോയത് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി. എന്നാൽ ടീമിലെ മലയാളി താരം വിൻസി ബരാറ്റോ മഞ്ഞക്കാർഡ് വാങ്ങിക്കുന്നതിനും ആദ്യ പകുതി സാക്ഷിയായി.
അതേസമയം, ബ്ലാസ്റ്റേഴ്സ് താരം ഹർമൻജ്യോത് സിങ് ഖബ്ര ഐഎസ്എല്ലിൽ 10,000 മിനുട്ട് കളിച്ച റെക്കോർഡ് നേടുന്നതിന് മത്സരം സാക്ഷ്യംവഹിച്ചു.