എസ്എസ് രാജമൗലിയുടെ ബഹ്മാണ്ഡചിത്രമായ ബാഹുബലിയില്‍ അഭിനയിച്ച് പ്രശസ്തനായ കൊമ്പനാണ് തൃശ്ശൂരിലെ കാളിദാസന്‍. ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരസ്യ ചിത്രത്തിലും താരമായിരിക്കുകയാണ് ഈ കൊമ്പന്‍. ഐഎസ്എല്‍ ഫൂട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസന്‍ വീണ്ടും താരമാകും.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഉല്‍സവങ്ങളെല്ലാം നിന്നതോടെ വിശ്രമത്തിലായിരുന്നു ചിറയ്ക്കല്‍ ദേശക്കാരുടെ കണ്ണിലുണ്ണിയായ ഈ കൊമ്പന്‍. ഇതിനിടെയാണ് കാളിദാസന്‍ കേരള ബ്ലാസ്‌റ്റേഴിസിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശാന്തസ്വഭാവത്തിനുടമയായതിനാല്‍ തന്നെ ആര്‍ക്കും ധൈര്യത്തോടെ ആനയുടെ അടുത്ത് പോകാം.
കൊവിഡ് മൂലം ഉത്സവങ്ങള്‍ എല്ലാം മുടങ്ങിയെങ്കിലും കാളിദാസന്റെ ഭഷണത്തിനും കുളിയിലും ഒന്നും പാപ്പാന്‍മാര്‍ ഒരു കുറവും വരുത്തിയിട്ടില്ല. ആരെങ്കിലും ആനയെ കാണാന്‍ എത്തിയാലും കുളിപ്പിച്ച് കുട്ടപ്പാനാക്കിയെ കാണിക്കൂ.
ആനയുടെ എല്ലാ കാര്യങ്ങളും നല്ല ചിട്ടയോടെയാണ് നോക്കുന്നത്. ജില്ലയ്ക്കകത്ത് നിന്നും പുറത്തു നിന്നും നിരവധി ആനപ്രേമികളാണ് കാളിദാസനെ കാണാന്‍ എത്തുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ പലരേയും മടക്കി വിടേണ്ടി വരുന്നു. കൊവിഡിനു ശേഷം കാളിദാസന്‍ നെറ്റിപ്പട്ടം കെട്ടി പൂരപ്പറമ്പിലേക്ക് വീണ്ടും എത്തുന്നതും കാത്തിരിക്കുകയാണ് ദേശക്കാര്‍.