കോടിക്കണക്കിന് മലയാളി ആരാധകരുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും വിഫലം! ഐഎസ്എല്ലിലെ മറ്റൊരു കലാശപ്പോരില്‍ കിരീടത്തിനരികെ വീണ്ടും പൊരുതി വീണ് കേരള ബ്ലാസ്റ്റേഴ്സ്. ഗോവയിലെ ഫറ്റോര്‍ദയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് പൊരുതിക്കീഴടങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. 120 മിനിറ്റുകളും വിയര്‍ത്തുകളിച്ച അവര്‍ക്ക് പക്ഷെ ഷൂട്ടൗട്ട് പരീക്ഷണത്തില്‍ അടിപതറുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ കിരീടമോഹങ്ങളെ തകര്‍ത്തുകളഞ്ഞത്. ഗോളിന് മുന്നില്‍ കട്ടിമണി കടുകട്ടിയായതോടെ മുന്‍പ് രണ്ട് വട്ടം കൈയില്‍ നിന്നും വഴുതിപ്പോയ ഐഎസ്എല്‍ കിരീടം മൂന്നാം തവണയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാവുകയായിരുന്നു.
മത്സരത്തില്‍ 120 മിനിറ്റും ഇരുടീമുകളും പരസ്പരം മികച്ച പോരാട്ടമാണ് നടത്തിയത്. ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ആദ്യത്തെ മിനിറ്റുകളില്‍ ഇരു ടീമുകളെയും ബാധിച്ചെങ്കിലും പിന്നീട് അവര്‍ തങ്ങളുടെ യഥാര്‍ത്ഥ കളിശൈലിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ കളി ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായിരുന്നു. പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും മാത്രമല്ല ഹൈദരാബാദിന്റെ മുന്നേറ്റ താരങ്ങളെ പ്രതിരോധിച്ച് നിര്‍ത്തുന്നതിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചു.
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ പതുങ്ങിപ്പോയ ഹൈദരാബാദ് രണ്ടാം പകുതിയില്‍ പതുക്കെ തിരിച്ചുവരുന്നതാണ് കണ്ടത്. ആദ്യ പകുതിയില്‍ മുന്നേറ്റങ്ങള്‍ കാര്യമായി നടത്താന്‍ കഴിയാതിരുന്ന അവര്‍ പതുക്കെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖത്ത് മുന്നേറ്റങ്ങള്‍ നടത്തി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് ഇടയ്ക്കിടെ തലവേദനയാകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പൂട്ടില്‍ പെട്ടുപോയ അവരുടെ സൂപ്പര്‍ താരം ബാര്‍ത്തലോമ്യോ ഓഗ്ബച്ചേയെ ഹൈദരാബാദ് പരിശീലകന്‍ മുന്നേറ്റത്തില്‍ നിന്നുമിറക്കി മധ്യനിരയില്‍ കളിപ്പിച്ചതോടെ ഹൈദരാബാദിന്റെ മുന്നേറ്റങ്ങള്‍ക്ക് വേഗം കൈവരികയായിരുന്നു. മുന്നേറ്റത്തില്‍ സിവേറിയോയെ കൊണ്ടുവന്നതും ഹൈദരാബാദിന്റെ കളിയുടെ വേഗം കൂട്ടി.
ഹൈദരാബാദ് ഒരുവശത്ത് മുന്നേറ്റങ്ങള്‍ നടത്തുന്നതിനിടെയാണ് 68-ാ0 മിനിറ്റില്‍ രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് നിശ്ചിത സമയത്ത് തന്നെ മത്സരം അവസാനിപ്പിച്ച് കിരീടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ മനോളോ മാര്‍ക്കസ് എന്ന തന്ത്രശാലിയായ പരിശീലകന്റെ ബുദ്ധിയില്‍ അപ്പോഴും തന്ത്രങ്ങള്‍ ഒരുങ്ങുന്നുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മത്സരങ്ങളെ വ്യക്തമായി വിശകലനം ചെയ്തെത്തിയിരുന്ന മാനോളോ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകള്‍ ആവുമ്പോഴേക്കും മിക്ക ബ്ലാസ്റ്റേഴ്സ് താരങ്ങളും തളര്‍ന്നിരിക്കുമെന്ന് കണക്കുകൂട്ടി വരുത്തിയ കൃത്യമായ മാറ്റങ്ങളിലൂടെ പുത്തന്‍ താരങ്ങളെ കളത്തിലിറക്കി.ഇതിനുള്ള ഫലം അവര്‍ നേടിയെടുക്കുകയും ചെയ്തു. മത്സരം നിശ്ചിത സമയത്ത് തന്നെ അവസാനിക്കുമെന്ന് ഏവരും കരുതിയെങ്കിലും 88-ാ0 മിനിറ്റില്‍ സാഹില്‍ ടാവോറ നേടിയ ഗോളില്‍ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പിടിക്കുകയായിരുന്നു.
ഇതോടെ കളി അധികസമയത്തേക്കും അവിടുന്ന് ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു. ഇത് മുന്നില്‍ കാണാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡയസിനെയും വാസ്‌കസിനെയും പിന്‍വലിച്ചതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായെന്ന് വേണം പറയാന്‍. സ്‌പോട് കിക്കുകളില്‍ ഏറെ അനുഭവസമ്പത്തുള്ള ഈ താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ പിന്നീട് വേട്ടയാടുകയായിരുന്നു. ആദ്യ കിക്ക് മുതല്‍ തന്നെ ഇതിന്റെ ഫലങ്ങള്‍ കണ്ടിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും കളിച്ച് ക്ഷീണിച്ച് നില്‍ക്കുകയായിരുന്ന ലെസ്‌കോവിച്ചിനെ ആദ്യ കിക്ക് എടുക്കാന്‍ അയച്ചതും പിഴവായെന്ന് വേണം കരുതാന്‍. ആദ്യ കിക്ക് പാഴായതോടെ പ്രതിരോധത്തിലായ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് എടുത്ത കിക്കുകളില്‍ ഒരെണ്ണം മാത്രമാണ് വലയിലേക്ക് അടിച്ചുകയറ്റാനായത്. ഇതില്‍ ജീക്‌സണ്‍ സിങ്ങിന് രണ്ടാമതും അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബല ഷോട്ട് കട്ടിമണി അനായാസം കൈയില്‍ ഒതുക്കി. മത്സരത്തില്‍ തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗില്ലിന് പെനാല്‍റ്റി കിക്കുകള്‍ തടയുന്നതില്‍ അത്ര മികവില്ലെന്ന് അറിയാമായിരുന്നിട്ടും കരണ്‍ജിത്ത് സിങ് എന്ന അനുഭവസമ്പത്തുള്ള ഗോളിയെ ഇറക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിന്റെ പിഴവുകളില്‍ ഒന്നായി. അവസാനം 2014 ലും 2016 ലും കൈയില്‍ നിന്നും വഴുതിപ്പോയ കിരീടം ഇക്കുറിയും അവര്‍ക്ക് നഷ്ടമായി. ഏറെ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടധാരണത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഈ ഫൈനല്‍ മറ്റൊരു ദുരന്തമായി.