Saturday, November 23, 2024
HomeSportsFootballകേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

ഐഎസ്എൽ രണ്ടാം പാദ സെമി ഫൈനലിൽ ജംഷഡ്പുർ എഫ്സിയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ 1-0ത്തിന് വിജയം സ്വന്തമാക്കി രണ്ടാം പാദം കളിച്ച ബ്ലാസ്റ്റേഴ്സ് 1-1ന് സമനില പിടിച്ച് ഇരു പാദങ്ങളിലുമായി 2-1ന്റെ അ​ഗ്ര​ഗേറ്റിലാണ് കലാശപ്പോരിനെത്തുന്നത്.

ആറ് വർഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചപ്പോൾ പ്രണോയ് ഹൽദർ ജംഷഡ്പുരിനായി ലക്ഷ്യം കണ്ടു. എടികെ മോഹൻ ബ​ഗാൻ- ഹൈദരാബാദ് എഫ്സി പോരാട്ടത്തിലെ വിജയികളാകും ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെ എതിരാളികൾ. 

കളിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് ആ​ദ്യ പകുതിയിൽ ജംഷഡ്പുരിന്റെ പ്രതിരോധപ്പിഴവുകൾ മുതലെത്തു. തുടക്കം മുതൽ കടുത്ത ആക്രമണമാണ് ടീം പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സിനായി 18ാം മിനിറ്റിലാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്ന് ആൽവാരോ വാസ്‌ക്വസ് ഫ്‌ളിക് ചെയ്ത് നൽകിയ പന്തിൽ ലൂണ സ്വതസിദ്ധമായ ശൈലിയിൽ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷഡ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നിൽ ഗോൾകീപ്പർ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.

എന്നാൽ ജംഷഡ്പുർ രണ്ടാം പകുതിയിൽ ലക്ഷ്യം കണ്ടു. 50ാം മിനിറ്റിൽ ഡാനിയൽ ചീമയുടെ അസിസ്റ്റിൽ പ്രണോയ് ഹാൽദർ ലക്ഷ്യം കാണുകയായിരുന്നു.

ആദ്യ പാദത്തിൽ വിജയ ഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേൽക്കുകയായിരുന്നു. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോൾ സന്ദീപും നിഷുകുമാറും ടീമിലെത്തി.

2014, 2016 വർഷങ്ങളിലാണ് ടീം ഇതിനുമുമ്പ് ഫൈനലിൽ കളിച്ചത്. കന്നി കിരീടമാണ് കേരള ടീമിന്റെ ലക്ഷ്യം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments