Pravasimalayaly

ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി; തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും

സംസ്ഥാനത്തെ വൈദ്യശാസ്ത്ര പൊതുജനാരോഗ്യ മേഖകള്‍ക്കായി ബജറ്റില്‍ 2629.33 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇത് മുന്‍വര്‍ഷങ്ങളെക്കാള്‍ 288 കോടി രൂപ അധികമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് 742.2 കോടി രൂപയും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. നാഷ്ണല്‍ ഹെത്തല്‍ മിഷന് വേണ്ടി 484 കോടി രൂപയും നാഷ്ണല്‍ ആയൂര്‍ മിഷന് വേണ്ടി 10 കോടി രൂപയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. തോന്നക്കല്‍ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക ലബോറട്ടറി സ്ഥാപിക്കുന്നതിനായും ന്യൂക്ലിക് ആസിഡുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കല്‍ മോണോക്ലോണല്‍ ആന്റി ബോഡി വികസിപ്പിക്കല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയും അനുവദിച്ചു.


ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി 2022-23 ല്‍ സാമൂഹ്യപങ്കാളത്തത്തോടെ സ്റ്റേറ്റ് ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്റ്റാറ്റര്‍ജിയെന്ന പരിപാടി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ ക്യാന്‍സര്‍ രോഗികളുടേയും ബോണ്‍ മാരോ ഡോണേഴ്‌സിന്റേയും വിവരങ്ങളും മറ്റ് സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു സോഫ്റ്റ്‌വെയര്‍ ഇ-ഹെല്‍ത്ത് സംവിധാനം മുഖേന നടപ്പാക്കും.


തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനുള്ള നടപടിയും സ്വീകരിക്കും. 360 കിടക്കുകളുള്ള കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തികരിക്കും. 14.5 കോടി രൂപ കൊച്ചി ക്യാന്‍സര്‍ സെന്ററിന് ബജറ്റില്‍ അനുവദിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി രൂപയും അനുവദിച്ചു. പാലിയേറ്റീവ് രംഗത്ത് സമഗ്ര വികസനത്തിനായി അഞ്ച് കോടിയും വകയിരുത്തി. പിഎംജെഎവൈ പദ്ധതിയുടെ സംസ്ഥാന വിഹിതമായും കേന്ദ്ര സംസ്ഥാനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതും സംസ്ഥാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുന്നതുമായ കുടുംബങ്ങള്‍ക്കുള്ള സഹായമായും 500 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി.

Exit mobile version