സംസ്ഥാനത്ത് 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ ധാരാളം പുതിയ വ്യവസായ സാധ്യതകള്‍ തുറക്കുന്നു. ഈ സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാണ് ആയിരം കോടി മുതല്‍ മുടക്കില്‍ നാലു സയന്‍സ് പാര്‍ക്കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമായി ഇരട്ട ബ്ലോക്കുള്ള സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതുകൂടാതെ ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം സ്ഥാപിക്കും.
ഓരോ സയന്‍സ് പാര്‍ക്കും 200 കോടിരൂപ വീതം മുതല്‍മുടക്കുള്ളതും രണ്ടു ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതുമായിരിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും. ഈ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലോ ഏറ്റെടുക്കല്‍ ഘട്ടത്തിലുളള മറ്റു പാര്‍ക്കുകളിലോ ആയിരിക്കും. അത്തരം സ്ഥല സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള 10 ഏക്കര്‍ സ്ഥലമേറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാര്‍ക്കുകളില്‍ വ്യവസായ ഗവേഷണ രംഗങ്ങളില്‍ നിന്നുള്ള 100 ഉപയോക്താക്കള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കണ്ണൂരിൽ പുതിയ ഐടി പാർക്ക് . ഐടി മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ വർധിപ്പിക്കും.എൻഎച്ച്-66ന് സമാന്തരമായി നാല് ഐടി പാർക്കുകൾ സ്ഥാപിക്കും. സംസ്ഥാനത്ത് 20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തും. എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്ത, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐടി ഇടനാഴികൾ വിപുലീകരിക്കും. കണ്ണൂർ വിമാനത്താവളം വികസിച്ചതോടുകൂടി കണ്ണൂരിൽ ഐടി വ്യവസാത്തിന് സാധ്യതകളുണ്ടാും. കൊല്ലത്ത് അഞ്ച ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയിൽ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങൾക്കായി പദ്ധതിയിൽ പറഞ്ഞ തുകയ്ക്ക് പുറമെ കിഫ്ബി വഴി 100 കോടി രൂപ നൽകും.