രണ്ടാം പിണറായി മന്ത്രിസഭയില്‍ സി.പി.എമ്മില്‍ നിന്ന് എത്തുക പുതുമുഖനിര. നിലവിലെ മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയില്‍ തുടരണമെന്നില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ഉറപ്പായും മന്ത്രിസഭയിലെത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ് എന്നിവര്‍ക്കും സാധ്യത കൂടുതലാണ്. തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവന്‍കുട്ടി മന്ത്രിസഭയിലെത്തിയേക്കും. വനിതകളില്‍ നിന്ന് ശൈലജ ടീച്ചര്‍ക്ക് പുറമെ മികച്ച വിജയം നേടിയ വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്ക് സാധ്യത കൂടുതലാണ്. കെ.ടി. ജലീലിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തവണത്തെ പോലെ സി.പി.ഐയില്‍ നിന്ന് ഇത്തവണയും പുതുമുഖങ്ങള്‍ തന്നെ മന്ത്രിസഭയില്‍ എത്തിയേക്കും. ഇത്തവണയും എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്ന അഭിപ്രായത്തിനാണ് മുന്‍ഗണന ലഭിക്കുന്നതെങ്കില്‍ ചന്ദ്രശേഖരന് വീണ്ടും അവസരം ലഭിച്ചേക്കില്ല. പി. പ്രസാദ്, ഇ.കെ. വിജയന്‍, ജെ. ചിഞ്ചുറാണി, കെ. രാജന്‍. ചിറ്റയം ഗോപകുമാര്‍, പി.എസ്. സുപാല്‍ എന്നീ പേരുകളാണ് പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പായി. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. ഇടത് കോട്ടയായ പറവൂരില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി ജയിച്ച വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായി വരാനാണ് എല്ലാ സാധ്യതയും. മുതിര്‍ന്ന നേതാക്കളില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് പേരുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമാണ്.