Pravasimalayaly

വ്രതാനുഷ്ഠനത്തിനൊടുവില്‍ ഇന്ന് ചെറിയ പെരുന്നാള്‍;സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാട്ടെ എന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് ചെറിയപെരുന്നാള്‍.ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് റമദാന്‍. പട്ടിണി രഹിതവും, കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാന്‍ വ്രതം നമ്മെ ഓര്‍മിപ്പിക്കുന്നു.

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ് . ചെറിയ പെരുന്നാള്‍ ഇന്നലെയാരിക്കുമെന്ന് കരുതി അവധി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍. എന്നാല്‍ തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകണം.- അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തില്‍ പകര്‍ത്താനും അര്‍ത്ഥവത്താക്കാനും കഴിയണം. ഏവര്‍ക്കും ആഹ്ലാദപൂര്‍വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.- അദ്ദേഹം കുറിച്ചു.

Exit mobile version