Pravasimalayaly

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകും

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും

മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്. പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള നാല് മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ കെ. ശൈലജ, കെ. ടി. ജലീല്‍, എ.സി. മൊയ്ദീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോവുക.

മലപ്പുറം ഡിഎംഒ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും അസിസ്റ്റന്റ്് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വിവിഐപികളുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.

നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു.

Exit mobile version