തിരുവനന്തപുരം | ഗുരുതരമായ രോഗങ്ങളുള്ള വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. സാധാരണ നിലയ്ക്ക് രോഗ ചികിത്സയ്ക്ക് ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ. എന്നാൽ ക്യാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം.
അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർ മരണ സർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ് സഹിതം മരണം നടന്ന് ഒരു വർഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം. ധനസഹായം അപേക്ഷകന്റെ/ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
cmo.kerala.gov.in എന്ന വെബ്പോർട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം. നിയമസഭാ സാമാജികർ, പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ തപാൽ/ ഇ-മെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാം.