Pravasimalayaly

കേരളാ കോണ്‍ഗ്രസ്-എമ്മിന് 14 തലത്തില്‍ ഭാരവാഹികള്‍ വാര്‍ഡ് കമ്മിറ്റി മുതല്‍ ഉന്നതാധികാരസമിതിവരെ

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന് 14 തലത്തിലേയ്ക്ക് ഭാരവാഹികള്‍ വരുന്നു. ഇതിന്റെ ഭാഗമായി പുതിയ ഭരണഘടന അനുസരിച്ചുള്ള സംഘടനാ തെരഞ്ഞെടുപ്പിന് തുടക്കമായി. വാര്‍ഡ് കമ്മിറ്റി മുതല്‍ ഉന്നതാധികാര സമിതിവരെയാണ് പാര്‍ട്ടിയില്‍ രൂപീകൃതമാകുന്നത്. വാര്‍ഡ് തലം മുതല്‍ ഉന്നതാധികാര സമിതി വരെയാണ് 14 തലം. മണ്ഡലം കമ്മിറ്റി മുതല്‍ മൂന്നു തലത്തിലായിരിക്കും സംഘടനയുടെ ഭാരവാഹികള്‍. മണ്ഡലം കമ്മിറ്റി, മണ്ഡലം എക്‌സിക്യൂട്ടീവ്, മണ്ഡലം സെക്രട്ടേറിയറ്റ് എന്നതാണ് ഘടന. ഇതേ ഘടനയില്‍ നിയോജകമണ്ഡല തലത്തില്‍ നിയോജകമണ്ഡലം കമ്മിറ്റി, എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് എന്നിവയും ജില്ലാ തലത്തില്‍ ജില്ലാ കമ്മിറ്റി, ജില്ലാ എക്‌സിക്യൂട്ടീവ്, ജില്ലാ സെക്രട്ടേറിയറ്റ് എന്നിവ ഉണ്ടാകും. സംസ്ഥാന തലത്തിലും സംസ്ഥാന കമ്മിറ്റി, എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് എന്നിവയിലേക്ക് ഭാരാവാഹികളെ തെരഞ്ഞെടുക്കും. ഇവയുടെ എല്ലാം തലപ്പത്തായി 21 അംഗ ഉന്നതാധികാര സമിതിയും. നിയോജകമണ്ഡലത്തില്‍ നിയോജകമണ്ഡലം സെക്രട്ടേറിയറ്റും ജില്ലാ തലത്തില്‍ ജില്ലാ സെക്രട്ടേറിയറ്റും സംസ്ഥാന തലത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റും ആയിരിക്കും ഉന്നത ഘടകം. നിയോജകമണ്ഡലം സെക്രട്ടേറിയറ്റില്‍ 21 അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റില്‍ 33 അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റില്‍ 91 അംഗങ്ങളുമാണ് ഉണ്ടാവുക. ഈ മാസം 23 നുള്ളില്‍ വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും. സംസ്ഥാനത്ത് 11000 വാര്‍ഡുകളില്‍ കമ്മിറ്റി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 31 നുള്ളില്‍ മണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യ ആഴ്ച്ചയില്‍ നിയോജകമണ്ഡലവും രണ്ടാം ആഴ്ച്ചയില്‍ ജില്ലാ തലത്തിലും അവസാന ആഴ്ച്ചയില്‍ സംസ്ഥാന തലത്തിലും തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കും. പുതിയ ഭരണഘടന പ്രകാരമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. കെഎസ്്‌സി-എം, യൂത്ത് ഫ്രണ്ട് എം, വനിതാ കോണ്‍ഗ്രസ് എം എന്നിവയുടെ തെരഞ്ഞെടുപ്പ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. പ്രഫ. ലോപ്പസ് മാത്യുവാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വാര്‍ഡ് തല തെരഞ്ഞെടുപ്പിന്‍രെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലാ മുത്തോലിയില്‍ ജോസ്.കെ മാണി എംപി നിര്‍വഹിക്കും.

Exit mobile version