കോട്ടയം : വന്യജീവികളുടെ ആക്രമണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് ഇന്ന് നേരിടുന്നത്. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ പ്രധാന ഉത്തരവാദിത്വം ആണെന്നും, ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും, 1972 ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമഭ പാസാക്കണമെന്നും കേരള കോണ്‍ഗ്രസ്സ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജലസേചനമന്ത്രി റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, തോമസ് ചാഴിക്കാടന്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, ജോബ് മൈക്കിള്‍ എ.എല്‍.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.