Pravasimalayaly

കേരളാ കോണ്‍ഗ്രസ് എം പുനസംഘടനകള്‍ ആരംഭിച്ചു

ആദ്യം പുനസംഘടിപ്പിക്കുന്നത് യൂത്ത് ഫ്രണ്ട്. തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് -എം പാര്‍ട്ടിയും പോഷക സംഘടനകളും പുനസംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് .കെ മാണിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സംഘടനയില്‍ പുനസംഘടന അടിയന്തിരമായി നടത്തുന്നത്. പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യുവിനാണ് നല്കിയിരിക്കുന്നത്. സംഘടനയെ ചലനാത്മകമാക്കുന്നതിനു യൂത്ത് ഫ്രണ്ടും കെഎസ്്‌സിയും ഏറ്റവും അടിയന്തിരമായി പുനസംഘടിപ്പിക്കണമെന്ന നിര്‍ദേശമാണ് നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് ജില്ലാ പുനസംഘടനകള്‍ പുരോഗമിച്ചു വരികയാണ്. ഈ മാസം തന്നെ സംസ്ഥാന അധ്യക്ഷനെയും നിയമിക്കുമെന്നാണ് സൂചന. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യക്തി ചില സാമുദായിക നേതാക്കളെ സമീപിച്ചിരുന്നു. . എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നു മതമേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയതോടെ ഇയാള്‍ തത്ക്കാലത്തേയക്ക് ഉള്‍വലിഞ്ഞതായും അറിയുന്നു. കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ ജില്ലയായ കോട്ടയം ജില്ലയില്‍ ജില്ലാ പ്രസിഡന്റിനെതിരേ ചില പ്രചാരണങ്ങള്‍ നടത്തിയതും ഈ വ്യക്തിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചെയര്‍മാനെ തന്നെ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിലപാടെടുത്ത വ്യക്തിയെ ഒരു കാരണവശാലും യൂത്ത് ഫ്രണ്ടിന്റെ തലപ്പത്ത് അവരോധിക്കെരുതെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടത്രേ.

Exit mobile version