Pravasimalayaly

കേരള കോൺഗ്രസ് ചരിത്രമുറങ്ങുന്ന മുവാറ്റുപുഴയിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്‌തു

മുവാറ്റുപുഴ: സര്‍ക്കാര്‍ നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ് ആരോപിച്ചു.പാർട്ടി മുവാറ്റുപുഴ നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സിൽ ഗവര്‍ണര്‍ ഒപ്പുവച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തിയ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയായിരുന്നു. നിയമസഭ ചേരാന്‍ തീരുമാനിക്കുന്നതിന്റെ തലേദിവസം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍ സർക്കാരുമായി ഒത്തുകളിക്കുകയായിരുന്നു.കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കില്ലെന്ന ഗവര്‍ണറുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങി. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ്. ഭരണഘടനയുടെ 163-ാം വകുപ്പനുസരിച്ച് മന്ത്രിസഭ പാസാക്കി നല്‍കുന്ന നയപ്രഖ്യാപനം അംഗീകരിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ടായിരിക്കേ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ജേക്കബ് തോമസ് ഇരമംഗലത്തിന് ആദ്യ മെമ്പർഷിപ്പ് ഫ്രാൻസിസ് ജോർജ് നൽകി. അഡ്വ ഷൈസൺ പി മാങ്ങഴ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, അഡ്വ കെ.എം ജോർജ്, പായിപ്ര കൃഷ്ണൻ, ബേബി വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version