കോവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം,നിയന്ത്രണങ്ങൾക്ക് സാധ്യത

0
332

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം.

കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാവാൻ സാധ്യതയുണ്ട്. ‘സി’ കാറ്റഗറിയില്‍ ആയിരുന്നിട്ടും തിരുവനന്തപുരത്ത് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നില്ല.

മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. എറണാകുളത്തും വലിയ തോതില്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിലവിലെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. എന്നാൽ രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോയെന്ന കാര്യം യോഗം ചര്‍ച്ച ചെയ്‌തേക്കും.

അതേസമയം, കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗവും ഇന്ന് ചേരും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ്ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷൻ പുരോഗതി, എന്നിവ യോഗം ചർച്ച ചെയ്യും. ഇന്ന് രാവിലെ  പതിനൊന്ന് മണിക്കാണ് യോഗം.

Leave a Reply