Saturday, November 23, 2024
HomeLatest Newsകേരളത്തിൽ 1195 പേർക്ക് കൂടി കോവിഡ് : 1234 പേർക്ക് രോഗമുക്തി

കേരളത്തിൽ 1195 പേർക്ക് കൂടി കോവിഡ് : 1234 പേർക്ക് രോഗമുക്തി


തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ഏഴ് മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (86) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി.

പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 274
മലപ്പുറം – 167
കാസർകോട് – 128
എറണാകുളം – 120
ആലപ്പുഴ – 108
തൃശ്ശൂർ – 86
കണ്ണൂർ – 61
കോട്ടയം – 51
കോഴിക്കോട് – 39
പാലക്കാട് – 41
ഇടുക്കി – 39
പത്തനംതിട്ട – 37
കൊല്ലം – 30
വയനാട് – 14
രോഗമുക്തി ജില്ല തിരിച്ച്:

തിരുവനന്തപുരം – 528
കൊല്ലം – 49
പത്തനംതിട്ട – 46
ആലപ്പുഴ – 60
കോട്ടയം – 47
ഇടുക്കി – 58
എറണാകുളം – 35
തൃശ്ശൂർ – 51
പാലക്കാട് – 13
മലപ്പുറം – 77
കോഴിക്കോട് – 72
വയനാട് – 40
കണ്ണൂർ – 53
കാസർകോട് – 105
കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാമ്പിളുകൾ പരിശോധിച്ചു. 1,47,074 പേർ നിരീക്ഷണത്തിലുണ്ട്. 11,167 പേർ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. ഇത് വരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 1,30,614 സാമ്പിളുകൾ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതിൽ വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 515 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ :

തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274-ൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. അപകടാവസ്ഥ കുറഞ്ഞിട്ടില്ല. ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 കൊവിഡ് പരിശോധന നടന്നു. ഇതിൽ 203 പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നിവിടങ്ങൾ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാ‍ർജ് ക്ലസ്റ്ററുകളായേക്കാം. ഓഗസ്റ്റ് 5,6 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുത്. അതിന്‍റെ അടിസ്ഥാനത്തിൽ അനുമതി റദ്ദാക്കി. ഇത് ഏഴാംതീയതിയിലേക്ക് മാറ്റി.

പത്തനംതിട്ട ജില്ലയിൽ തെരുവിൽ അലഞ്ഞുനടക്കുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്കിലെ സ്ത്രീക്കും ഉറവിടം വ്യക്തമായിട്ടില്ല. അതിനാൽ ഉറുമുറ്റത്ത് ലിമിറ്റഡ് ക്ലസ്റ്ററുണ്ടായി. ആലപ്പുഴയിലെ ക്ലോസ്ഡ് ക്ലസ്റ്ററായ ഐടിബിപി മേഖല നിയന്ത്രണത്തിലായി വരവെ ഇന്നലെ പുതുതായി 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഉദ്യോഗസ്ഥർക്കാണ് രോഗം. ജൂലൈ 7-ന് ജലന്ധറിൽ നിന്ന് വന്ന 50 പേരിൽ 35 പേർക്കാണ് രോഗം. ഈ ടീമിനെ ജില്ലയിലെത്തിയ ഉടൻ ക്വാറന്‍റൈൻ ചെയ്തിരുന്നു. സമ്പർക്കമുണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടു.

എറണാകുളത്തെ ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുന്നു. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതൽ പേർക്ക് രോഗം കണ്ടെത്തി. ഫോർട്ട് കൊച്ചിയിൽ ക‍ർഫ്യൂ ആണ്. ജില്ലയിൽ 82 സ്വകാര്യ ആശുപത്രികളാണ് കൊവിഡ് പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ളത്. മെഡിക്കൽ കോളേജിൽ ഉള്ള 9 പേരുടെ നില ഗുരുതരമാണ്.

തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ള പട്ടാമ്പിയിൽ നിന്ന് സമ്പർക്കരോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയാണ്. പാലക്കാട്ടെ ആദിവാസികോളനികളിൽ പ്രതിരോധപ്രവർ‍ത്തനങ്ങൾ നടക്കുന്നു. പുറത്തുനിന്ന് ആളുകൾ വരുന്നത് തടയും. പറമ്പിക്കുളം ഉൾപ്പടെയുള്ള മേഖലകളിൽ പരിശോധന നടക്കുന്നു. അട്ടപ്പാടിയിലെ കൊവിഡ് ബാധിതർക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സജ്ജമാക്കി.

വയനാട് രണ്ട് പട്ടികവർഗ കോളനികളിലുമായി 9 പേർക്ക് രോഗം കണ്ടെത്തി. സമീപ പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. കണ്ണൂർ മെഡിക്കൽ കോളേജിലെ സ്ഥിതി മെച്ചപ്പെട്ടു. 90 ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 125 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇപ്പോഴിവിടെ 93 കേസുണ്ട്. കൊവിഡിതര ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം തുടരും.

കൊവിഡ് പ്രതിരോധത്തിൽ പൊലീസിന് പിടിപ്പത് പണി എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. അതേ സ്ഥാപനം തന്നെ അധികച്ചുമതല ഏൽപിച്ചതിൽ പൊലീസിൽ പ്രതിഷേധം എന്നും റിപ്പോർട്ട് ചെയ്തു. ഇതിൽ കാര്യങ്ങൾ വ്യക്തമാണ്. കൊവിഡ് പ്രതിരോധത്തിൽ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരും പൊലീസും തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ട്. എന്നാൽ തുടർച്ചയായ അധ്വാനം, വിശ്രമമില്ലായ്മ എന്നിവ ആരിലും ക്ഷീണമുണ്ടാക്കും. ആരോഗ്യപ്രവർത്തകരിലുമുണ്ട് ഇത്. ഇപ്പോൾ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല ഇപ്പോൾ. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കൂടുന്നു. പ്രൈമറി കോണ്ടാക്ടുകളും കൂടി. കോണ്ടാക്ട് ട്രേസിംഗ് കൂടുതൽ വിപുലമായി. നമ്മുടെ നാട്ടിൽ CFLTC-കൾ സ്ഥാപിച്ചതോടെ ആ രംഗത്തും ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈൽ യൂണിറ്റുകൾ, ടെസ്റ്റിംഗ് എല്ലാം കൂട്ടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments