തിരുവനന്തപുരം: ജില്ലയില്‍ കടുത്ത ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവ് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ അന്തിമ കണക്കുകള്‍ വന്നപ്പോള്‍ തെരഞ്ഞെടുപ്പു ദിവസം പുറത്തു വിട്ട പ്രാഥമിക കണക്കുകളില്‍ നിന്നു കാര്യമായ വ്യത്യാസം വന്നിട്ടില്ല. 70.01 ശതമാനമായിരുന്നു ചൊവ്വാഴ്ചത്തെ കണക്കുകളനുസരിച്ചു ജില്ലയിലെ വോട്ടിംഗ്. ഇന്നലെ അന്തിമ കണക്കു വന്നപ്പോള്‍ അത് 70.02 ശതമാനമായി.
എണ്‍പതു വയസ് കഴിഞ്ഞവര്‍ക്കുള്ള സ്‌പെഷല്‍ തപാല്‍ വോട്ടുകളും തപാല്‍ വോട്ടുകളും കൂടി കണക്കിലെടുക്കുമ്പോള്‍ വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ ഇടിവു കാണില്ലെന്നാണു കണക്കുകൂട്ടല്‍. പൊതുവേ വോട്ടിംഗില്‍ സംസ്ഥാനത്തു തന്നെ പിന്നില്‍ നില്‍ക്കുന്ന തിരുവനന്തപുരത്തെ നഗരമണ്ഡലങ്ങളില്‍ ഇത്തവണ വോട്ടര്‍മാരുടെ മടുപ്പു കൂടുതലായി പ്രകടമാകുകയാണു ചെയ്തത്. ഈ മണ്ഡലങ്ങളിലാകട്ടെ തീപാറുന്ന ത്രികോണപ്പോരാട്ടമാണു നടന്നത്. ഇതു മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോ എന്ന ആശങ്കയുമുണ്ട്.
ബിജെപിയുടെ കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തോടെ കടുത്ത മത്സരമാണ് അരങ്ങേറിയത്. എന്നാല്‍ കഴിഞ്ഞ തവണ 74.11 ശതമാനം പോളിംഗ് നടന്ന ഇവിടെ ഇത്തവണ പോളിംഗ് 69.81 ശതമാനം മാത്രം. 4.30 ശതമാനത്തിന്റെ കുറവ്.
ത്രികോണമത്സരം നടന്ന മറ്റൊരു മണ്ഡലമായ തിരുവനന്തപുരം സെന്‍ട്രലില്‍ വോട്ടിംഗില്‍ 3.34 ശതമാനത്തിന്റെ കുറവുണ്ടായി. ഇവിടെ വെറും 61.85 ശതമാനം പേരാണു വോട്ടവകാശം വിനിയോഗിച്ചത്. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്ക്. ആവേശകരമായ മത്സരം നടന്ന കഴക്കൂട്ടത്തും പ്രതീക്ഷിച്ച നിലയില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയില്ല. ഇവിടെ 69.61 ശതമാനമാണ് വോട്ടിംഗ്. കഴിഞ്ഞ തവണത്തേക്കാള്‍ 3.85 ശതമാനത്തിന്റെ കുറവ്.
ബിജെപി വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മറ്റൊരു നഗരമണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ വോട്ടിംഗില്‍ 5.68 ശതമാനത്തിന്റെ കുറവാണുണ്ടായത്. തീപാറുന്ന മത്സരവും പ്രചാരണവും നടന്നിട്ടും വോട്ടര്‍മാരില്‍ ആവേശം ജനിപ്പിക്കാന്‍ സാധിക്കാത്തതെന്തു കൊണ്ടെന്ന ചോദ്യത്തിന് മുന്നണികള്‍ക്കും ഉത്തരമില്ല. കാട്ടാക്കടയില്‍ 4.35 ശതമാനത്തിന്റെയും കോവളത്ത് 4.07 ശതമാനത്തിന്റെയും കുറവുണ്ടായി.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ വര്‍ധനയുണ്ട്. ഇരുമണ്ഡലങ്ങളിലും 70 ശതമാനത്തിനു മുകളില്‍ വോട്ടിംഗ് നടന്നു.