Pravasimalayaly

ഇടതുകോട്ടകളിൽ അങ്കം കുറിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കൾ

** എഴുപത് ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും

** രണ്ടാം നിരയിലെ 25 ഓളം നേതാക്കൾ പട്ടികക്ക് പുറത്താകും

** ഞെട്ടിക്കുന്ന തീരുമാനവുമായി ഹൈക്കമാൻഡ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം സീറ്റുകളിൽ യുവാക്കളെയും സ്ത്രീകളെയും മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. ഒന്നാംനിര നേതാക്കൾ ഒഴികെ മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ചവർ പട്ടികക്ക് പുറത്താക്കുമെന്നും സൂചനയുണ്ട്. അതേസമയം സീറ്റിന് അവകാശവാദം ഉന്നയിക്കുന്ന മുതിർന്ന നേതാക്കൾ ഇടതുപക്ഷത്തെ പ്രമുഖർക്കെതിരെ മത്സരിക്കട്ടെ എന്നൊരു പുതിയ തീരുമാനവും കോൺഗ്രസ് നേതൃത്വത്തിന്റെ അജണ്ടയിലുണ്ട്. ഇതനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖരുടെ മണ്ഡലങ്ങളിലും മറ്റ് ഇടതു കോട്ടകളിലും മുൻ കേന്ദ്ര മന്ത്രിമാരും മുൻ കെപിസിസി പ്രസിഡന്റുമാരുമായ മുതിർന്ന നേതാക്കളാകും ഇത്തവണ അങ്കം കുറിക്കുക.
ഒരിക്കലും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ മത്സരിപ്പിച്ച് അവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്ന പ്രവണത വളരെക്കാലമായി കേരളത്തിലെ കോൺഗ്രസ് വെച്ചുപുലർത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആലോചനയിലേക്ക് ഹൈക്കമാൻഡ് കടക്കുന്നത്. പ്രമുഖ നേതാക്കൾ ഇടതു കോട്ടകളിൽ മത്സരിച്ചാൽ അട്ടിമറി വിജയം നേടിവരുമെന്നും നേതൃത്വം വിലയിരുത്തുന്നു.
മുതിർന്ന നേതാക്കൾ മാറി നിൽക്കണം എന്നാണ് ഹൈക്കമാൻഡ് നിർദേശമെങ്കിലും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നവർ പാർട്ടി പറയുന്ന മണ്ഡലങ്ങളിൽ ആകണം മത്സരിക്കേണ്ടതെന്ന് നേതൃത്വം നിർദേശിക്കും.
മൂന്നു തവണയോ അതിൽ കൂടുതലോ മത്സരിച്ച 25ലേറെ നേതാക്കൾക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി ആറോളം നേതാക്കൾക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇവർ ഒഴികെ 65 വയസ്സിനു മുകളിൽ പ്രായമുള്ള ആരുംതന്നെ പട്ടികയിൽ ഉണ്ടാവില്ല.
കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ യൂത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലേറെയും അദ്ദേഹം ഹൈക്കമാൻഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കെപിസിസി ഭാരവാഹിത്വം വഹിക്കുന്നവരിൽ 10 ശതമാനത്തിന് മാത്രമാകും ഇത്തവണ സീറ്റുകൾ നൽകുകയെന്നും സൂചനയുണ്ട്.

Exit mobile version