Pravasimalayaly

ജോസ് കെ മാണിയുടെ കുറവ് നികത്താൻ യു ഡി എഫ് “നവോത്ഥാനത്തിലെ വിള്ളൽ” മുതലാക്കുമോ

രാജു ജോർജ്

ജോസ് കെ മാണി എൽ ഡി എഫിലേയ്ക്ക് ചേക്കേറിയതോടെ മധ്യ കേരളം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയാവുകയാണ്. ജോസ് കെ മാണിയുടെ പാർട്ടി അടിത്തറയെ നിസാരവൽക്കരിക്കുവാൻ കഴിയില്ല. ഈ നഷ്ടം യു ഡി എഫ് എങ്ങനെ നികത്തും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേതാക്കന്മാർ ഉണ്ടെകിലും ജോസഫ് വിഭാഗത്തിന് വേണ്ടത്ര അണികൾ കൂടെ ഉണ്ടോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്. മധ്യ കേരളത്തിലെ പ്രബലമായ ദലിത് പിന്നോക്ക ന്യൂനപക്ഷ വോട്ടുകളാണ് യു ഡി എഫ് ലക്ഷ്യമിടുക.

മധ്യ കേരളത്തിൽ ദലിത് പിന്നോക്ക മത ന്യുനപക്ഷ വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമാണ് ഉള്ളത്. സിപിഎം ന്റെ പരമ്പരാഗത വോട്ടുകളായ ഈഴവ വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുതുടങ്ങിയിരുന്നു. ഗുരുദേവ ജന്മദിനത്തിൽ കരിദിനം ആചരിച്ചതിന് എതിരെയും ഓപ്പൺ സർവകലാശാലയുടെ വി സി നിയമനത്തിന് എതിരെയും എസ് എൻ ഡി പി യോഗം പരസ്യ പ്രതികരണവുമായി എത്തിയിരുന്നു. ഈഴവ വോട്ടുകളിലുള്ള ഈ ചോർച്ചയാണ് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമാക്കിയുള്ള എൽ ഡി എഫ് നീക്കമെന്നും വിലയിരുത്തുകൾ ഉണ്ട്.

മധ്യ കേരളത്തിലെ പ്രബല ദലിത് സംഘടനകളായ കെ പി എം എസ്, സി എസ് ഡി എസ് എന്നിവരുടെ നിലപാടും നിർണ്ണായകമാണ്.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായി ചേർന്ന് നിന്ന ഈ സംഘടനകൾ സർക്കാർ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളും അസ്തമിച്ച നിലയിലാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തെ മുതലെടുക്കുവാൻ യു ഡി എഫിന് കഴിയുമോ എന്നുള്ളതും ചർച്ചയാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി എസ് ഡി എസ് മധ്യ കേരളത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ച സംഘടനയാണ്. മുന്നണി സംവിധാനങ്ങളുമായി ചേർന്ന് നില്കുവാനാണ് സംഘടനയുടെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇത് എൽ ഡി എഫിലേയ്‌ക്കോ യു ഡി എഫിലെയ്ക്കോ എന്ന് വ്യക്തമല്ല

അടുത്ത മുഖ്യമന്ത്രി ആയി രമേശ്‌ ചെന്നിത്തലയെ ഉയർത്തി കാട്ടിയോ ചങ്ങനാശേരി സീറ്റിൽ മത്സരിപ്പിച്ചോ എൻ എസ് എസിന്റെ നിലപാട് അനുകൂലമാക്കാൻ യു ഡി എഫ് ശ്രമിയ്ക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ കൂടെ ഉണ്ടാകും എന്നുള്ള പ്രതീക്ഷയാണ് യു ഡി എഫ് കേന്ദ്രങ്ങളിൽ ഉള്ളത്.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലെ സംഘടനകൾ സർക്കാരിന്റെ ദലിത് വിരുദ്ധ നിലപാടുകൾക്ക് എതിരെ പരസ്യമായി രംഗത്ത് എത്തിയതോടെ നിർണ്ണായകമായ ഈ വോട്ടുകൾ ലഭിയ്ക്കുമെന്ന പ്രതീക്ഷ യു ഡി എഫ് കേന്ദ്രങ്ങൾ കൈവിടുന്നില്ല.

Exit mobile version