സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റല്‍ സര്‍വേ സൗജന്യമല്ല; പണം ജനം നല്‍കണം

0
36

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റല്‍ സര്‍വേ സൗജന്യമല്ല. സര്‍വേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കും.സര്‍വേയ്ക്കായി സര്‍ക്കാര്‍ ചെലവാക്കുന്ന തുക ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസില്‍ കരം അടയ്ക്കുമ്പോള്‍ ഈ തുക ഭൂ ഉടമകള്‍ തിരികെ നല്‍കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.


ഭൂമിയുടെ കൃത്യതയും അതിരും നിശ്ചയിക്കാനുള്ള റീസര്‍വേ വര്‍ഷങ്ങളായി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്. 1550 വില്ലേജുകളിലാണ് സര്‍വേ. വില്ലേജിന്റെ സമഗ്ര സര്‍വേയാണ് നടത്തുന്നത്. ആധുനിക സങ്കേതങ്ങളും ഡ്രോണും ഉപയോഗിച്ചുമാകും സര്‍വേ. റവന്യൂ, സര്‍വേ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സേവനങ്ങള്‍ സംയോജിപ്പിച്ച് സുതാര്യവും കാലികവുമായ രേഖകള്‍ പദ്ധതിയില്‍ തയ്യാറാക്കും. പദ്ധതിക്കായി 858 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തുക ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിക്കാവശ്യമായ ചെലവ് ആദ്യം സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ഈ തുക ഭൂ ഉടമസ്ഥരുടെ കുടിശിക തുകയായി കണക്കാക്കും.


സര്‍വേയ്ക്കുശേഷം റെക്കോര്‍ഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറുകയും വില്ലേജ് ഓഫീസുകളില്‍ കരം അടയ്ക്കുമ്പോള്‍ ഈ തുക ഭൂ ഉടമകള്‍ തിരികെ അടയ്ക്കുകയും വേണം. 1961ലെ കേരള സര്‍വേ അതിരടയാള നിയമം സെക്ഷന്‍ 7 പ്രകാരം തുക തിരിച്ചു പിടിക്കാവുന്നതാണെന്ന് സര്‍വേ ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയായിരുന്നു. ലാന്റ് റവന്യൂ കമ്മിഷണറും ഈ ആവശ്യത്തെ പിന്തുണച്ചു. തുടര്‍ന്നാണ് സര്‍വേ ഡയറക്ടറുടെ ശുപാര്‍ശ അംഗീകരിച്ചു ജനങ്ങളില്‍ നിന്നും തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

Leave a Reply