എറണാകുളം-അങ്കമാലി അതിരുപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കീഴ്‌ക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണെന്നും കര്‍ദിനാളിന്റെ അപ്പീല്‍ അംഗീകരിക്കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള നിര്‍ദേശവുമുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഭൂമി ഇടപാടില്‍ ഒരു കര്‍ദിനാള്‍ കോടതിയില്‍ വിചാരണ നേരിടുന്നത് സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്. ഹൈക്കോടതി കൂടി അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ വിചാരണ കോടതിയെ സമീപിച്ച് കര്‍ദിനാളും കൂട്ടരും ജാമ്യമെടുക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചാലും മൂന്നു കോടതികള്‍ തള്ളി സാഹചര്യത്തില്‍ അനുകൂല വിധി എളുപ്പമാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
പ്രതികള്‍ മൂന്നു പേരും വിചാരണ നേരിടണമെന്ന് കാക്കടനാട് മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും തനിക്കെതിരായ മറ്റ് ഏഴ് കേസുകളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതിരുപതയുടെ ഉടമസ്ഥതയില്‍ തൃക്കാക്കര ഭാരത് മാതാ കോളജിന് മുന്‍വശത്തുള്ള ഭൂമി വില്‍പ്പന നടത്തിയതിലൂടെ അതിരൂപതയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് അതിരൂപതാംഗമായ ജോഷി വര്‍ഗീസ് എന്നയാളാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
അതിരൂപതയിലെ ഭൂമി വില്പനയില്‍ കോടികളുടെ ക്രമക്കേടും കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പൂം നടന്നുവെന്ന് കാണിച്ച് ആദായ നികുതി വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിരൂപത നേരത്തെ അടച്ച 2.48 കോടി രൂപയ്ക്ക് പുറമേ 3.42 കോടി രൂപ കൂടി പിഴ അടക്കണമെന്നാണ് നോട്ടീസ്.