വിവാദങ്ങൾക്ക് ഇടയാക്കിയ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇതു സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും.
സത്യപ്രതിജ്ഞയ്ക്കായി 80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് നിർമിച്ചത്. 5000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തലിൽ നല്ല വായുസഞ്ചാരം കിട്ടും. സ്റ്റേഡിയത്തിൽ തത്‌കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ പന്തൽ പൊളിച്ചുകളയരുതെന്നും കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച ഡോ. എസ്.എസ്.ലാൽ ആവശ്യപ്പെട്ടിരുന്നു.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ നിരവധിപേർ തിക്കിത്തിരക്കിയാണ് വാക്‌സിനേഷൻ സ്വീകരിക്കാനെത്തുന്നത്.
ഈ തിരക്ക് രോഗവ്യാപനത്തിനിടയാക്കുമെന്ന പരാതിയുണ്ടായിരുന്നു. ഇവകൂടി പരിഗണിച്ചാണ് പന്തൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്.