Pravasimalayaly

വി ഡി സതീശനെ തിരഞ്ഞെടുത്തത്തിൽ സന്തോഷം : പിണറായി വിജയന്റെ സർട്ടിഫിക്കേറ്റ് വേണ്ടന്നും രമേശ്‌ ചെന്നിത്തല

വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ വിഡി സതീശന്എല്ലാ പിന്തുണയും നൽകും.

ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. എല്ലാവരും യോജിച്ചു നിന്നുകൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം.-അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതില്‍ വിഷമം ഉണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതൊന്നും ഇനി ചര്‍ച്ചാവിഷയം അല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അത്തരം കാര്യങ്ങള്‍ ഒന്നും ചര്‍ച്ചാവിഷയമല്ല. കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു വേണ്ടി എല്ലാ പ്രവര്‍ത്തകരും നേതാക്കളും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നില്‍ക്കുക എന്നതാണ് പ്രധാനമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഒരു നിരാശയുമില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് സന്തോഷമേയുള്ളൂ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമായും നിറവേറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 
തന്റേത് ഇടതുമുന്നണി സര്‍ക്കാരിനെതിരായ പോരാട്ടമായിരുന്നു. അത് ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാല്‍ മനസ്സിലാകും. തനിക്ക് പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനുള്ള നീക്കം താന്‍ നടത്തി. അത് തന്റെ ധര്‍മമാണ്. അതില്‍ തനിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആ പോരാട്ടം താന്‍ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version