തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ പിന്തുണച്ച് കേരള നേതാക്കള്‍. രാഹുല്‍ഗാന്ധി പാര്‍ട്ടി പ്രസിഡന്റാകണമെന്നാണ് ജനങ്ങളുടെ പൊതു വികാരമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നുണ്ടോ എന്നത് അദ്ദേഹം വ്യക്തമാക്കട്ടെ. കേരള ഘടകം പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുപേരും മുന്നോട്ടുവെച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ പിന്തുണ രാഹുലിനാണെന്ന് കെ മുരളീധരന്‍ എംപിയും പറഞ്ഞു. നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്കേ വോട്ടുചെയ്യുകയുള്ളൂ. രാഹുല്‍ അധ്യക്ഷനാകണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അദ്ദേഹം താല്‍പ്പര്യം കാട്ടാത്തതുമാത്രമാണ് പ്രയാസമെന്നും മുരളീധരന്‍ പറഞ്ഞു.
അധ്യക്ഷനാകാന്‍ രാഹുല്‍ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രാഹുലിനൊപ്പം. ശശി തരൂര്‍ മത്സരിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ല. തരൂര്‍ ഉള്‍പ്പെടെ ആര്‍ക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.