Pravasimalayaly

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനുമതി ഇല്ലാതെ നയതന്ത്ര ബാഗേജ് വഴി ഖുര്‍ ആന്‍ എത്തിച്ചെന്ന കേസിലായിരുന്നു നടപടി. ചോദ്യം ചെയ്യല്‍ ആറര മണിക്കൂര്‍ നീണ്ടു നിന്നു.
എന്‍ഐഎയുടെയും ഇഡിയുടെയും ചോദ്യം ചെയ്യലിന് രഹസ്യമായെത്തിയ മന്ത്രി കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയത് ഔദ്യോഗിക അകമ്പടിയോടെയാണ്. രാവിലെ പത്തു മണിക്ക് ഹാജരാകാനാണ് ആദ്യം മന്ത്രിയോട് പറഞ്ഞതെങ്കിലും കസ്റ്റംസ് എസിപിക്ക് കോവിഡ് സ്ഥീകരിച്ചതിനാല്‍ ഓഫിസ് അണുനശീകരണം ചെയ്ത ശേഷമാണ് മന്ത്രി എത്തിയത്. യുഎഇയില്‍ നിന്നും നയതന്ത്ര പാഴ്‌സലായി എത്തിയ ഖുര്‍ ആന്‍ ചട്ടങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന കേസില്‍ മൊഴിയെടുക്കുന്നതിനൊപ്പം കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ വിതരണം, മന്ത്രിയുടെ മണ്ഡലത്തിലെ റമദാന്‍ കിറ്റ് വിതരണം എന്നിവയിലും കസ്റ്റംസ് വിശദീകരണം തേടിയെന്നാണ് വിവരം.
നേരത്തെ തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മന്ത്രിയുടെ മൊഴി പരിശോധനയ്ക്കു ശേഷം വീണ്ടും വിളിച്ചുവരുത്തണോ എന്ന് കസ്റ്റംസ് തീരുമാനിക്കും.
മന്ത്രിയുടെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായെന്ന വിലയിരുത്തലും കസ്റ്റംസിനുണ്ട്.

Exit mobile version