ഇടുക്കി (വണ്ടിപ്പെരിയാര്‍)
പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റില്‍ 22 വയസുകാരനായ അര്‍ജുനാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ വഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. പെണ്‍കുട്ടിയുടെ സഹോദരന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് അസ്വാഭാവിക മരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നു. മൃതദേഹപരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടര്‍ ഈ വിവരം പോലീസുമായി പങ്കുവെച്ചു. പെണ്‍കുട്ടി ഒരുവര്‍ഷത്തിലേറെ ക്രൂരമായ പീഡനത്തിനിരയായിയെന്നാണ് പിന്നീട് പരിശോധനയില്‍ തെളിഞ്ഞത്.
ഇതോടെ കേസില്‍ പോലീസ് രഹസ്യമായി അന്വേഷണം തുടങ്ങി. സംശയം തോന്നിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ അര്‍ജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വര്‍ഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ 30ന് അര്‍ജുന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു.
കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. സംസ്‌കാര ചടങ്ങിലും ദുഖത്തോടെയാണ് ഇയാള് പങ്കെടുത്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാതന്ത്ര്യത്തോടെ വരാന്‍ കഴിഞ്ഞിരുന്ന സാഹചര്യം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡനത്തിരയാക്കിയതെന്നും പോലീസ് പറഞ്ഞു.