Saturday, November 23, 2024
HomeNewsഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ ആദരം

ഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ ആദരം

തിരുവനന്തപുരം: നിയമസഭാ സാമാജികനായി അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പതിനാലാം കേരള നിയമസഭയുടെ ആദരം. ഇന്നലെ ശൂന്യവേള ആരംഭിക്കുന്നതിന് മുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ അനുമോദിച്ച് സഭയില്‍ സംസാരിച്ചു. പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയൊന്നാകെയും ആദരം അര്‍പ്പിച്ചു.
 ജനങ്ങള്‍ക്കിടയില്‍ സവിശേഷവും അപൂര്‍വവുമായ ലഹരിയോടെ ജീവിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി ഒരു പാഠപുസ്തകം പോലെ പഠനാര്‍ഹമാണെന്ന് സ്പീക്കര്‍ പി. ശ്രാരാമകൃഷ്ണന്‍ പറഞ്ഞു. ജനപ്രാതിനിധ്യത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്പോഴും മടുപ്പില്ലാതെ പൊതുജീവിതത്തില്‍ വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് നിയമസഭയുടെ അഭിവാദനങ്ങളും അനുമോദനങ്ങളും അറിയിക്കുന്നതായും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി ജനകീയനായ നേതാവ്: പിണറായി വിജയന്‍

പൊതുപ്രവര്‍ത്തന രംഗത്ത് ജനങ്ങളുടെ അംഗീകാരം നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ കടന്നുവന്ന ഉമ്മന്‍ചാണ്ടി 1970ലെ നാലാം കേരള നിയമസഭയിലാണ് ആദ്യമായി അംഗമാകുന്നത്. ആ സഭയില്‍ ഞാനും അംഗമായിരുന്നു. അതിന് ശേഷം പതിനൊന്ന് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും അദ്ദേഹം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇത് അപൂര്‍വമാണ്. പതിനാലാം കേരള നിയമസഭ കെഎം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സുവര്‍ണ ജൂബിലിക്ക് സാക്ഷ്യം വഹിച്ചുവെന്നത് അപൂര്‍വമായ നേട്ടമാണ്.
ഉമ്മന്‍ചാണ്ടിക്ക് തൊഴില്‍, ആഭ്യന്തരം, ധനകാര്യം, എന്നീ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും രണ്ടുതവണ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചുള്ള വിപുലമായ പാര്‍ലമെന്ററി പ്രവര്‍ത്തന പാരമ്പര്യം ഉണ്ട്. ജനങ്ങളുടെ അംഗീകാരം നേടി പൊതുരംഗത്ത് കര്‍മ്മനിരതനായ ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ജനങ്ങള്‍ക്കായുള്ള ഇടപെടലുകളും തുടര്‍ന്നും നടത്താനുള്ള പൂര്‍ണ ആരോഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ്. അദ്ദേഹത്തിന് എല്ലാഭാവുകങ്ങളും നേരുന്നു”

ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ വിസ്മയം: രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ വിസ്മയമാണെന്നും കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ മുഖമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കേരള നിയമസഭയിലെ അപൂര്‍വതകളില്‍ അപൂര്‍വമായ നിമിഷമാണിത്. ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലൈ വിസ്മയമാണ്. എപ്പോഴും ജനങ്ങളോടൊപ്പം ജീവിക്കുകയും ജനങ്ങളോടൊപ്പം നീങ്ങുകയും ചെയ്യുന്ന അനിതര സാധാരണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമയാണ് ഉമ്മന്‍ചാണ്ടി. കെഎഎസ്‌യു പ്രസ്ഥാനത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന അദ്ദേഹം പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും സഹപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയിട്ടുള്ള നേതാവാണ്.
1970ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പുതുപ്പള്ളിയില്‍  ആദ്യമായി മല്‍സരിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഒരേ നിയമസഭാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അമ്പത് വര്‍ഷം പൂര്‍ത്തീകരിച്ചു. കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുള്ള മുഖമാണ് ഉമ്മന്‍ചാണ്ടി. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, തൊഴില്‍ മന്ത്രി, ധനകാര്യ മന്ത്രി, ആഭ്യന്തരമന്ത്രി, രണ്ടുതവണ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എന്ന നിലയിലെല്ലാം അഭിമാനകരമായ പ്രവര്‍ത്തന റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എല്ലാവരോടും സ്‌നേഹപൂര്‍ണമായി പെരുമാറുന്ന, സ്വന്തം ശരീരത്തിലേക്ക് കല്ലെറിഞ്ഞ ആളെ പോലും കെട്ടിപ്പുണരാന്‍ കഴിയുന്ന ഒരു മനോഭാവത്തിന്റെ ഉടമയായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷമെന്നോ  ഭരണകക്ഷിയെന്നോ വ്യത്യാസമില്ലാതെ തന്റെ മുന്നില്‍ വരുന്ന ആവലാതികള്‍ പരിഹരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ മാതൃകാപരമാണ്. നാടിന്റെ വളര്‍ച്ചയുടെ വഴിത്താരയില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ നിസ്തുലമായ സംഭാവനകളെ ഓര്‍ക്കുന്നു. ഇനിയും ദീര്‍ഘകാലം രാഷ്ട്രീയത്തിനും കോണ്‍ഗ്രസിനും നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു”.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments