മുഖ്യമന്ത്രിക്കെതിരേ മൊഴിക്കായി സമ്മര്‍ദം ചെലുത്തി: ഇഡിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

0
28

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി)  കേസെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. . സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ ഇഡിയുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വ ശ്രമമുണ്ടായെന്നു സ്വപ്ന ഇഡി കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരുന്നു.
ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കര്‍ സ്വപ്നയ്ക്ക് നല്‍കിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നല്‍കിയതെന്നും പറയിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്.രാജിമോള്‍ മൊഴി നല്‍കി. ഇത്തരത്തില്‍ മൊഴി നല്‍കിയാല്‍ സ്വപ്നയെ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണന്‍ പറഞ്ഞത് കേട്ടെന്നും പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയിലുണ്ട്.
ഇഡി ഉദ്യോഗസ്ഥരുടെ സ്വപ്നയോടുള്ള ചോദ്യങ്ങളില്‍ കൂടുതലും നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥയായ സിജി വിജയന്‍ നല്‍കിയ മൊഴിയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Leave a Reply