Pravasimalayaly

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; ഒന്‍പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികളില്‍ മാറ്റമില്ല. മോഡല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 16ന് ആരംഭിക്കും. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകളുണ്ടാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡി ഡി, ആര്‍ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്.

എസ്എസ്എല്‍സിയില്‍ ഏതാണ്ട് 90 ശതമാനവും ഹയര്‍ സെക്കന്‍ഡറിയില്‍ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കി പാഠങ്ങള്‍ തീര്‍ക്കണം. പഠനവിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു നികത്താനുള്ള നടപടികള്‍ കൈക്കൊള്ളും. ബിആര്‍സി റിസോഴ്‌സ് അധ്യാപകരുടെയും എസ്എസ്‌കെ, ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര, പിന്നാക്ക മേഖലകളില്‍ പഠനസഹായത്തിനായി ലഭ്യമാക്കും.

Exit mobile version