Sunday, October 6, 2024
HomeNewsസ്കൂൾ തുറക്കലിനു മുന്നോട്ടുവച്ച നിർദേശങ്ങൾ അപ്രായോഗീകമെന്ന്

സ്കൂൾ തുറക്കലിനു മുന്നോട്ടുവച്ച നിർദേശങ്ങൾ അപ്രായോഗീകമെന്ന്

തിരുവനന്തപുരം: ജനുവരി ഒന്നിന് പ്ലസ് ടൂ, എസ്എസ്എൽസി, ക്ലാസുകൾ ആരംഭിക്കണമെന്ന ഗവൺമെൻറ് തീരുമാനം വന്നിരിക്കുന്ന സാഹചര്യത്തിൽ അപ്രായോഗികമായ അനുബന്ധ തീരുമാനങ്ങൾ എങ്ങനെ നടപ്പാക്കും എന്നറിയാതെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്ന് ആക്ഷേപം. ഒരു ബെഞ്ചിൽ ഒരാളെ മാത്രം ഇരുത്തി ഒരു ക്ലാസിൽ 15 പേരെ മാത്രം ഉൾക്കൊള്ളിച്ച് ഓരോ ക്ലാസും നടത്താനാണ് നിർദ്ദേശം. ഹയർസെക്കൻഡറിയിലെ ഒട്ടുമിക്ക ക്ലാസ് റൂമുകളും 20 X20 അടി ഉള്ളതാണ്. അതിൽ പരമാവധി 10 ബെഞ്ച് മാത്രമേ ഇടാൻ കഴിയൂ. പൊതു പരീക്ഷകൾ എല്ലാം ഒരു ബഞ്ചിൽ രണ്ടു പേരെ വച്ച് ഇരുത്തിയാണ് നടത്തിയതാണ്. ഇപ്പോൾ നടക്കുന്ന ഒന്നാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷയും ഒരു ബെഞ്ചിൽ രണ്ടുപേരെ ഇരുത്തി ആണ് നടത്തുന്നത്. ഒരു ബെഞ്ചിൽ രണ്ടുപേരെ വച്ച് ഇരുത്തുന്നതിനു പകരം 15 ബഞ്ച് ഒരു ക്ലാസ്സിൽ ഇടാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് നിസ്സാരമല്ല. രാവിലെ 15, ഉച്ചയ്ക്ക് 15 കുട്ടികളെ വച്ച് ഇരുത്തിയാൽ 65 കുട്ടികളുള്ള ഒരു ഹയർസെക്കൻഡറി ബാച്ചിൽ കുട്ടികൾക്കെല്ലാം ക്ലാസ്സ് കിട്ടണമെങ്കിൽ 2 ദിവസത്തിലേറെ വേണം.

പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ഫോക്കസ് പോയിൻറ് കൾ ഡിപ്പാർട്ട്മെൻറ് തയ്യാറാക്കിയിട്ടുണ്ട്. അത് അധ്യാപകർക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഹയർസെക്കൻഡറി പ്രാക്ടിക്കൽ ക്ലാസുകളെ സംബന്ധിച്ചും നിർദേശമില്ല. തിയറി പരീക്ഷ കഴിഞ്ഞാലുടൻ പ്രാക്ടിക്കൽ പരീക്ഷയും നടത്തിയാലേ ഫലപ്രഖ്യാപനം സാധ്യമാകൂ. മുൻവർഷങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷ തിയറി പരീക്ഷയ്ക്ക് മുന്നേ നടത്തിയിരുന്നു. തിയറി പരീക്ഷയുമായി ബന്ധപ്പെട്ട കുറച്ച് പാഠഭാഗങ്ങൾ ഓൺ ലൈൻ ക്ലാസിലൂടെ എടുത്തിട്ടുണ്ടെങ്കിലും പ്രായോഗിക പരീക്ഷയ്ക്ക് ആവശ്യമായ ഒരു ക്ലാസും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങൾ ചെയ്യുന്നതോടൊപ്പം റിക്കോർഡുബുക്കുകൾ തയ്യാറാക്കുന്ന ഭാരിച്ച ജോലിയും വിദ്യാർഥികളുടെ മുന്നിലുള്ളപ്പോൾ തൽക്കാലം പ്രായോഗിക പഠനം നടത്തണ്ട എന്ന ഡിപ്പാർട്ട്മെൻറ് നിർദ്ദേശം അധ്യാപകരിലും വിദ്യാർഥികളിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിൽ അധ്യാപകരെല്ലാം കോവിസ് ടെസ്റ്റ് നടത്തണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പിന് ഉള്ളത്. അധ്യാപകർക്ക് നടത്തിയാൽ അവരോട് ഇടപെടുന്ന വിദ്യാർഥികൾക്കും ടെസ്റ്റ് നടത്തണ്ടേ എന്ന ചോദ്യവും പ്രസക്തമാണ്. ഹൈസ്കൂൾ ഹയർസെക്കൻഡറി മേഖലകളിലായി ഓരോ സ്കൂളിലും 50ലേറെ അധ്യാപകർ ഉള്ളപ്പോൾ ബന്ധപ്പെട്ടവർ സ്കൂളിലെത്തി സാമ്പിൾ ശേഖരിച്ച് ടെസ്റ്റ് നടത്തുവാൻ തയ്യാറാകണമെന്ന അഭിപ്രായമാണ് എ.എച്ച്,എസ്.ടി. കൊല്ലം ജില്ലാകമ്മിറ്റിക്കുള്ളത്.പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ഇത് സംബന്ധിച്ച് നിർദ്ദേശമൊന്നും നൽകിയിട്ടില്ലാത്ത സാഹചര്യമാണുള്ളതെന്നും സംഘടന അഭിപ്രായപ്പെട്ടു.

ക്ലാസ്സ് റൂമിൽ സാമൂഹിക അകലം പാലിക്കണം എന്ന് പറയുമ്പോൾ തന്നെ പൊതുഗതാഗതത്തെ ആശ്രയിച്ചു സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്‌ ഇത് എങ്ങനെ സാധ്യമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. സ്കൂളുകൾ തുറക്കുമ്പോൾ ബസുകളിൽ തിരക്ക് വർദ്ധിക്കും. വിദ്യാർഥികളും പൊതുജനങ്ങളും ഒരേ ബസ്സിൽ തിക്കി തിരക്കി യാത്ര ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ രക്ഷിതാക്കളും ആശങ്കയിലാണ്

സ്കൂൾ തുറന്നാലും വിക്ടേഴ്സ് ചാനലിൽ വന്ന പരിമിതമായ ക്ലാസുകൾ കുട്ടികളെ വീണ്ടും കാണിച്ച് ചർച്ചചെയ്യാൻ പറയുന്നതിലെ ഔചിത്യം എന്താണെന്ന് അധ്യാപകരും ചോദിക്കുന്നു. പഠിപ്പിച്ചു തീർക്കാനുള്ള സിംഹഭാഗങ്ങളും പഠിപ്പിക്കാൻ കഴിയാത്തവിധം ഓരോ ബാച്ചുകളും 15 പേരുള്ള ഗ്രൂപ്പുകളായി മാറ്റപ്പെടുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്ലസ് ടു കുട്ടികളെ പോലെ തന്നെ പൊതു പരീക്ഷയെ അഭിമുഖീകരിക്കേണ്ട പ്ലസ് വൺ കുട്ടികളുടെ ആശങ്ക ഗവൺമെൻറ് പരിഗണിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ പ്ലസ് വൺ പരീക്ഷയും പൊതു പരീക്ഷ ആണെന്നിരിക്കെ അത് എന്ന് നടക്കും എന്നുള്ള യാതൊരു നിർദേശവും ഗവൺമെൻറ് നൽകിയിട്ടില്ല’

ചുരുക്കത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ ഇരുട്ടിൽ തപ്പുകയാണെന്ന് എ എച്ച് എസ് ടി എ ജനറൽ സെക്രട്ടറി .എസ്.മനോജ് പ റഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments