സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.
ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായി. 58–ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്സിനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിൽ, 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്