Monday, January 20, 2025
HomeAUTO'കില്ലർ' ഇരമ്പിയെത്തുന്നു

‘കില്ലർ’ ഇരമ്പിയെത്തുന്നു

ടീം പ്രവാസി മലയാളി.

ന്യൂഡല്‍ഹി

1948-ജനുവരി 30 വൈകുന്നേരം സമയം 5.15, ഡല്‍ഹിയിലെ ബിര്‍ല ഭവനിലെ പ്രാര്‍ത്ഥന യോഗത്തിന് ശേഷം വിശ്രമ മുറിയിലേക്ക് മടങ്ങവെ ഗാന്ധിജിയെ കാണാന്‍ ഒരു സന്ദര്‍ശകനെത്തി, നഥുറാം വിനായക് ഗോഡ്‌സെ. ‘ സഹോദര, ബാപ്പൂ ക്ഷീണിതനാണ്, താങ്കള്‍ പിന്നീട് എപ്പോഴെങ്കിലും വന്നോളു..’ ഗാന്ധിജിയുടെ കൈപിടിച്ചിരുന്ന യുവതി പറഞ്ഞു. അതിനുള്ള മറുപടി ഗോഡ്‌സെയുടെ കൈയ്യിലിരുന്ന ഇറ്റാലിയന്‍ നിര്‍മ്മിത ‘ബരേറ്റ എം’ പിസ്റ്റളില്‍ നിന്നും ഉതിര്‍ന്ന 3 തീയുണ്ടകളായിരുന്നു. ‘ഹേ റാം’ എന്ന് നിലവിളിച്ച് ബാപ്പൂ അന്ത്യ ശ്വാസം വലിച്ചു.

ഗാന്ധിജിയുടെ മൃതദേഹം

ലോകത്തെ തന്നെ ഞെട്ടിച്ച ഈ ചരിത്ര സംഭവത്തിന് മൂകസാക്ഷിയായ ഒരു വാഹനം ഇന്നും ഡല്‍ഹി നിരത്തിലൂടെ ഒടുന്നുണ്ട്, നഥുറാം ഡോഡ്‌സെ ഉപയോഗിച്ച 1930-മോഡല്‍ സ്റ്റഡ് ബ്യൂക്ക് കാര്‍. ‘കില്ലര്‍’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നാള്‍വഴി പുസ്തകത്തില്‍ പേരു ചേര്‍ക്കപ്പെട്ട വാഹനത്തിന്റെ നമ്പര്‍ യു.എസ്.എഫ്- 73 എന്നാണ്.

കില്ലർ കാർ

പോലീസ് പിടിച്ചെടുത്ത വാഹനം 1978-ലാണ് ലേലത്തില്‍ വില്‍ക്കുന്നത്. സെയ്‌നി കാലിബ് എന്ന ആംഗ്ലോ ഇന്ത്യന്‍ ബിസിനസുകാരന്‍ 3500-രൂപക്ക് കാര്‍ ലേലത്തില്‍ എടുത്തു. പിന്നീട് സണ്ണി കൈലിംഗ് എന്ന ആഗ്ലോ ഇന്ത്യന്‍ വ്യവസായി ഈ കാര്‍ വാങ്ങി രണ്ടുപേരും കാറിന്റെ ചരിത്രം അറിയാതെയാണ് വാങ്ങിയത്. ഗാന്ധിജിയുടെ ഘാതകന്‍ ഉപയോഗിച്ച കാറാണെന്ന് അറിഞ്ഞതിനാലാകാം വാങ്ങിയവര്‍ അധികം ഉപയോഗിക്കാതെ വാഹനം കൈമാറി.

കില്ലർ ഡാഷ് ബോർഡ്

ഉത്തര്‍ പ്രദേശിലെ വാരണസില്‍ നിന്നും പല കൈമറിഞ്ഞ ഈ കാര്‍ 1999-ല്‍ ഡല്‍ഹി സ്വദേശിയായ വ്യവസായിയും വിന്റേജ് കാര്‍ കമ്പക്കാരനുമായ പര്‍വേസ് റഹ്‌മാന്‍ സ്വന്തമാക്കി. കിഴക്കന്‍ ഡല്‍ഹിയില്‍ താമസമാക്കിയ പര്‍വേസ് തന്റെ മറ്റൊരു പഴയകാറിന്റെ പാര്‍ട്‌സ് വാങ്ങാന്‍ പഴയ കാര്‍ ഗാരേജുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ ബറേലിയിലെ ഗാരേജ് ഉടമയായ കമാല്‍ സിദ്ദിഖ്വിയില്‍ നിന്നാണ് ഈ വാഹനം വാങ്ങുന്നത്. മറ്റു പലരെയും പോലെ തന്നെ കില്ലറിന്റെ പൂര്‍വകാല ചരിത്രം പര്‍വേസിനും അറിയില്ലായിരുന്നു. വിന്റേജ് കാര്‍ റാലികളില്‍ പങ്കെടുക്കാനെത്തിയ പല അവസരങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് കില്ലര്‍ ആരുടെ കില്ലറായിരുന്നു എന്ന് ഇദ്ദേഹം അറിയുന്നത്.

കില്ലറിനൊപ്പം പർവേസ് റഹ്മാൻ

ആറ് സിലിണ്ടറും, 26.5 ബിച്ച്പി പവറോടുകൂടിയ എന്‍ജിന്‍ റിപ്പയര്‍ ചെയ്ത് നന്നാക്കിയപ്പോല്‍ ഇന്നും നന്നായി പ്രവര്‍ത്തിക്കുന്നു അതിനാല്‍ കാറിന്റെ പൂര്‍വ ചരിത്രമൊന്നും ഞാന്‍ അന്വേഷിക്കാറില്ല. വിന്റേജ് കാര്‍ റലികളില്‍ പങ്കെടുക്കുന്ന കില്ലറിന്റെ പ്രത്യേകതയും ഗാന്ധി ഘാതകന്‍ വന്നെത്തിയ കാര്‍ എന്ന നിലയ്ക്കാണ്. വിന്റേജ് കാര്‍ റാലികളില്‍ പങ്കെടുക്കുക എന്ന ഒരേ ലക്ഷ്യത്തോടെയാണ് പര്‍വേസ് ഈ കാര്‍ വാങ്ങിയത്. തന്റെ സറ്റഡ് ബ്യൂക്ക് കാറിനെക്കുറിച്ച് തികഞ്ഞ അഭിമാനമാണ് പര്‍വേസിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ കഴിയുന്ന കാര്‍ നിരവധി കാര്‍ റാലികളില്‍ സമ്മാനവും നേടി. ഡല്‍ഹി-ഷിംല, ഡല്‍ഹി ജയ്പ്പൂര്‍ വിന്റേജ് കാര്‍ റാലികളില്‍ നിത്യനാണ് കില്ലര്‍. അവസാനം പങ്കെടുത്ത റാലില്‍ 40 കാറുകളുണ്ടായിരുന്നു, പലതും ഏറെ പഴക്കമുള്ളതും എന്നാല്‍ ആ കാറോട്ട മത്സരത്തിലെ താരം കില്ലര്‍ തന്നെയായിരുന്നു കാരണം വേറൊന്നല്ല ചിരിത്രത്തിലൂടെ ഓടിയ കാര്‍ എന്നതു തന്നെ. കറുപ്പും പച്ചയും പെയന്റ് ചെയ്ത വാഹനത്തില്‍ നമ്പര്‍ പ്ലേറ്റില്‍ തന്നെ കില്ലര്‍ എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട്.

നമ്പർ പ്ളേറ്റിൽ കില്ലർ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു

അമേരിക്കന്‍ കാര്‍ നിര്‍മ്മതാക്കളായ സ്റ്റഡ് ബ്യൂക്കര്‍ മോട്ടോര്‍ കമ്പനി 1930-ല്‍ നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗം ഇറക്കുമതി ചെയ്തതാണ് ഈ കാര്‍. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പും ശേഷവും ചരിത്രത്തിലൂടെ ഇരമ്പിയോടിയ വാഹനം. ഉത്തര്‍ പ്രദേശിലെ ബറേലിയിലെ നാട്ടുവഴികളിലൂടെ ആരംഭിച്ച പ്രയാണം പല വിന്റേജ് മത്സരങ്ങളിലും ഒന്നാമനായി. ഇടവേളകളില്‍ ഉടമകളുടെ അല്ലെങ്കില്‍ പേരറിയാത്ത ഗാരേജുകളില്‍ വിശ്രമം. വിന്റേജ് കാര്‍ റാലികളില്‍ ഇരമ്പിപ്പാഞ്ഞും കില്ലര്‍ കൈയ്യടി നേടി. എല്ലായിടത്തും കില്ലറിന്റെ പൂര്‍വ ചരിത്രമാണ് ഈ വാഹനം ശ്രദ്ധിക്കപ്പെടാന്‍ കാരണം. 1948-ല്‍ ഗാന്ധി വധത്തിന് ശേഷം വര്‍ഷങ്ങളോളം ഈ വാഹനം ഉത്തര്‍ പ്രദേശിലെ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ വിശ്രമത്തിലായിരുന്നു. 1976-ലാണ് ഈ വാഹനം ലേലത്തിന് വെയ്ക്കുന്നത്. ലേലം കൊണ്ടത്ത് സണ്ണി കെയ്‌ലിംഗ് എന്ന ആഗ്ലോ ഇന്ത്യക്കാരന്‍. ഉത്തര്‍ പ്രദേശിലെ നാട്ടുരാജാകന്മാരായ ജോന്‍പൂര്‍ രാജാവിന് വേണ്ടി സ്റ്റുഡ്‌ബേക്കര്‍ കമ്പനി പ്രത്യേകം ഓര്‍ഡര്‍ എടുത്ത് നിര്‍മ്മച്ചതാണ് 6 സിലണ്ടറും, 26.5 എച്ച്.പി പവറുമുള്ള ഈ വാഹനം. അക്കാലത്ത് ചിന്തിക്കാനാവാത്ത ചില പ്രത്യകതകളും ഈ കാറിനുണ്ടായിരുന്നു. മാനുവലായും ഓട്ടോമാറ്റിക് മോഡിലും പ്രവര്‍ത്തിക്കുന്ന ഗിയര്‍ സിസ്റ്റം. മോട്ടോര്‍ പമ്പുകളിലെപ്പോലെ കൈകൊണ്ട് ക്രാങ്ക് കറക്കിയും, ഇപ്പോള്‍ സെല്‍ഫ് മോഡിലും സ്റ്റാര്‍ട്ടാക്കാന്‍ പറ്റും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത. പ്രതി ലിറ്ററിന് 4 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ടയറും, സിറ്റുകളും ഒഴിച്ച് ബാക്കിയെല്ലാം ലോഹ നിര്‍മ്മിതമാണ്.

കാർ റാലിയിൽ കില്ലർ

2015-നവംബര്‍ 18-ന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കില്ലറിന്റെ ഉടമ പര്‍വേസ് റഹ്‌മാന്‍ സിദ്ദിഖ്വി ഹൃദ്രോഗം ബാധിച്ച് മരിച്ചു. എക്കാലത്തെയും പോലെ പിന്നെയും 5-വര്‍ഷം ഡല്‍ഹിയിലെ ലക്ഷ്മി നഗറിലെ പര്‍വേസിന്റെ ഇടുങ്ങിയ ഗാലറിയില്‍ വിശ്രമത്തിലായിരുന്നു ഈ വാഹനം. ഇപ്പോള്‍ പര്‍വേസ് റഹ്‌മാന്‍ സിദ്ദിഖ്വിയുടെ പിതാവ് റഹ്‌മാന്‍ സാഹിബ് ഈ വാഹനം കേടുപാടുനീക്കി വീണ്ടും നിരത്തിലിറക്കുകയാണ്. 90 വര്‍ഷം പഴക്കമുള്ള ഈ കാറാണ് പര്‍വേസിന്റെ വിന്റേജ് കാറുകളില്‍ ഏറ്റവും പഴയത്. മാര്‍ബിള്‍ വ്യാപാരവും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തുന്നവരാണ് പര്‍വേസ് റഹ്‌മാന്റെ കുടുംബം.

പത്ത് വര്‍ഷം മുമ്പ് 2000-ലാണ് അവസാനമായി അറ്റകുറ്റപ്പെണി നടത്തിയത്. ഓരോ തവണയും വന്‍ തുക ചിലവ് ചെയ്താണ് അറ്റകുറ്റപ്പണി. കാരണം പല പാര്‍ട്ട്‌സുകളും വിദേശത്തു നിന്നാണ് എത്തിക്കുന്നത്. വിന്റേജ് കാറിന്റെ കമ്പം വമ്പന്‍ പണച്ചിലവുള്ള ഹോബിയാണ്. ഹോബിയെന്നല്ല പലര്‍ക്കും ലഹരി എന്ന് പറയാവുന്ന ഒരു വികാരമാണ്. അതായത് വിന്റേജ് കാറുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാനുള്ള യാത്രകള്‍ക്ക് ചിലവാകുന്ന തുക കൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ പറ്റും. പക്ഷെ ചരിത്രത്തിന്റെ അമൂല്യമായ ഒരു ശേഷിപ്പിനെ നിലനിര്‍ത്താനും സജീവമാക്കുവാനും എത്ര വലിയ തുക ചിലവാക്കാനും തയ്യാറാണ് പര്‍വേസ് റഹ്‌മാന്റെ പിതാവ്. കാരണം അദ്ദേഹത്തിന് അകാലത്തില്‍ വേര്‍പിരിഞ്ഞ മകന്റെ ഓര്‍മ്മകള്‍ കൂടിയാണ് ഈ വാഹനം. കില്ലറിനെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ തയ്യാറി നിരവധി പേര്‍ വന്നെങ്കിലും അമുല്യമായ ഈ വാഹനം കൈവെടിയാന്‍ അദ്ദേഹം തയ്യാറായില്ല. ബറേലിയിലെ പഴയ കാറുകളുടെ ഗാരേജില്‍ നിന്ന് ഈ വാഹനം പര്‍വേസ് റഹ്‌മാന്‍ സ്വന്തമാക്കി സൂക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും ആക്രികച്ചവടക്കാരന്റെ കൈയ്യില്‍ അവസാനിക്കുമായിരുന്നു കില്ലര്‍.

പുനർനിർമ്മാണം

സ്റ്റുഡ് ബേക്കര്‍ ബ്രദേഴ്‌സ് അമേരിക്കയിലെ സൗത്ത് ബെന്‍ഡില്‍ 1852-ല്‍ ആരംഭിച്ചതാണ്. ജര്‍മ്മനിയില്‍ നിന്നും 1736-ല്‍ ഫിലാഡല്‍ഫിയയിലെത്തിയ ജര്‍മ്മന്‍ കുടിയേറ്റക്കാരായ പീറ്റര്‍ സ്റ്റുബേക്കര്‍, ഭാര്യ അന്ന മാര്‍ഗരീത്ത സ്റ്റുഡ്‌ബേക്കര്‍ എന്നിവരാണ് ഈ സ്ഥാപനം ആരംഭിച്ചത്. വാഹനങ്ങളുടെ ബോഗി, വാഗണ്‍ എന്നിവ നിര്‍മ്മിച്ചാണ് ഈ രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. നിര്‍മ്മാണ മികവില്‍ പേരുകേട്ടതാണ് കമ്പനി. സ്റ്റുഡ്‌ബേക്കര്‍ എന്നത് അവരുടെ കുടുംബപ്പേരാണ്. പ്രതാപകാലത്ത് ലോകമെമ്പാടും 12000 ലീഡര്‍മാരും, 15000 ജീവനക്കാരും, 3000 ത്തോളം ഷെയര്‍ ഹോള്‍ഡര്‍മാരും സ്വന്തമായ കമ്പനിയായിരുന്നു സ്റ്റുഡ്‌ബേക്കര്‍.
സാമ്പത്തീക പ്രതിസന്ധിയെത്തുടര്‍ന്ന് 1953-ല്‍ ഈ സ്ഥാപനം അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് പറിച്ചു നട്ടു. 1965-ലാണ് അവസാനത്തെ വാഹനം ഈ കമ്പനിയില്‍ നിന്നും ഇറങ്ങുന്നത്.
ഹിന്ദു മഹാസഭയുടെ അനുഭാവിയായിരുന്നു ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ രാജാവ് അങ്ങനെയാണ് ഗോഡ്‌സെയുടെ കൈയ്യില്‍ ഈ വാഹനം എത്തിയത്.

ഗാന്ധിജിയുടെ അന്ത്യയാത്ര

ഗാന്ധിജിയുടെ അന്ത്യയാത്രയില്‍ ശവ മഞ്ചം രാജ്ഘട്ടിലെ സമാധിയിലേക്ക് വഹിച്ചത് കരസേനയുടെ ഗണ്‍ കാരിയറിലാണ്. ഉപയോഗിക്കാത്തതിനാല്‍ യന്ത്രഭാഗങ്ങള്‍ തുരുമ്പെടുത്ത് ഗാന്ധി സ്മൃതിയിലെ മ്യൂസിയത്തില്‍ ആ വാഹനം ഇപ്പോഴും കിടപ്പുണ്ട്. ഗോഡ്‌സെയും കാറാകട്ടെ ഇന്നും വിന്റേജ് കാര്‍ റാലികളില്‍ ഇരമ്പിപ്പായുന്നു, സമ്മാനങ്ങളും നേടുന്നു.

ഇന്ത്യ ചരിത്രത്തിലൂടെ ഓടിയെത്തിയ ഈ വാഹനം ഇന്ന് ബാപ്പുവിന്റെ സവിധത്തിലെത്തി എന്നു പറയുന്നതില്‍ തെറ്റില്ല, കാരണം ഡല്‍ഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിന് എതില്‍ വശത്ത് യമുനയുടെ മറുകരയില്‍ ലക്ഷ്മി നഗറിലാണ് പര്‍വേസ് റഹ്‌മാന്റെ ഗാരേജ്. ബാപ്പുവിന്റെ സമാധിയില്‍ നിന്നും യുമന നദിക്ക് കുറുകെ ഒരു പാലം നിര്‍മ്മിച്ചാല്‍ അര മണിക്കൂറില്‍ നടന്നെത്താവുന്ന ദൂരത്ത് ഗോഡ്‌സെയുടെ വാഹനവും ഓടിയെത്തി വിശ്രമിക്കുന്നു, കേവലം യാദൃശ്ചീകമാണെങ്കിലും അത് എന്തെല്ലാമോ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.


RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments