കർഷകർക്കെതിരായ ആർ എസ് എസ് ആക്രമണത്തെ സംഘടിതമായി ചെറുത്ത് തോല്പ്പിക്കും: കെ കെ രാഗേഷ് എം പി

0
34

കര്‍ഷകര്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണത്തെ സംഘടിതമായി ചെറുത്തുതോല്‍പ്പിക്കും: കെ കെ രാഗേഷ് എംപി.

ന്യൂഡല്‍ഹി

കര്‍ഷകസമരത്തിന് നേരെ നടന്നിട്ടുള്ള ആര്‍എസ്എസ് ആക്രമണത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കെl കെ രാഗേഷ് എംപി പ്രസ്താവനയില്‍ പറഞ്ഞു. ആര്‍എസ്എസ്സും പോലീസും യോജിച്ചാണ് കര്‍ഷകസമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി കര്‍ഷകസമരം അക്രമസമരമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വലിയ ശ്രമം കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടുകൂടി സംഘപരിവാര്‍ നടത്തുകയാണ്. സിഎഎ വിരുദ്ധ സമരഘട്ടത്തില്‍ ജെഎന്‍യുവിലും ജാമിയ മിലിയയിലും ഭീകരത അഴിച്ചുവിട്ട് ഭരണകൂടം പ്രക്ഷോഭകരെ നേരിട്ടതുപോലെ കര്‍ഷകപ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താനാണ് ശ്രമം.


ജനുവരി 26ന് കര്‍ഷക റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഒന്‍പത് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുത്ത മഹാപ്രവാഹമായിരുന്നു ഡല്‍ഹിയില്‍ നടന്നത്. അതിനിടയില്‍ ഒരു ചെറുന്യൂനപക്ഷം കാണിച്ച അക്രമത്തെ കര്‍ഷകസമരത്തെയാകെ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ഉപയോഗിക്കുകയാണ്. അക്രമമഴിച്ചുവിടുന്നതിന് ബോധപൂര്‍വ്വം അനുമതി നല്‍കിയതായാണ് സംഭവങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാനാവുക. കര്‍ഷകസംഘടനകള്‍ക്ക് നിശ്ചയിച്ച് നല്‍കിയ റൂട്ടിന് പുറമേ ഒരു പ്രത്യേക സംഘടനയ്ക്ക് വ്യത്യസ്ത റൂട്ട് നിശ്ചയിച്ച് നല്‍കുകയും അതിലൂടെ വന്നവര്‍ അക്രമം കാണിച്ച ഘട്ടത്തില്‍ തടയാതെ മാറുകയുമാണ് പൊലീസ് ചെയ്തത്. എന്നാല്‍ സംയുക്ത കര്‍ഷകസമിതിക്ക് ഹരിയാനയിലെ പല്‍വലില്‍ മാര്‍ച്ചിന് അനുമതി നല്‍കിയ 42 കിലോമീറ്ററില്‍ 12 കിലോമീറ്റര്‍ എത്തിയപ്പോള്‍ തന്നെ മാര്‍ച്ച് തടയുകയും പോലീസ് കര്‍ഷകരെ ആക്രമിക്കുകയും ചെയ്തു. ഇത്തരത്തില്‍ പലയിടങ്ങളിലും കര്‍ഷകര്‍ക്ക് നേരെ അതിക്രമം കാട്ടിയ പൊലീസ് എന്നാല്‍ പ്രത്യേകറൂട്ടിലൂടെ എത്തി ചിലര്‍ അക്രമം കാട്ടിയപ്പോള്‍ അത് കയ്യുംകെട്ടി നോക്കിനില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. അക്രമമുണ്ടാവണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുകയും അതിന്റെ പേരില്‍ കര്‍ഷകസമരത്തെ അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ഗൂഢപദ്ധതിയാണ് അരങ്ങേറിയത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ സംഘശക്തി കാണാതിരിക്കുകയും ചെറുന്യൂനപക്ഷത്തിന്റെ ആസൂത്രിത അക്രമങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കുകയുമാണ് കോര്‍പ്പറേറ്റ് മീഡിയകളെല്ലാം ചെയ്തത്.

റിപ്പബ്ലിക്ക് ദിനത്തിലെ അനിഷ്ടസംഭവങ്ങളെ മുന്‍നിര്‍ത്തി വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകസമരത്തെ ആക്രമിക്കുന്നതിനുള്ള പദ്ധതി അരങ്ങേറുകയാണ്. എല്ലാ സമരകേന്ദ്രങ്ങളിലും ആര്‍എസ്എസിന്റെ ക്രിമിനല്‍ സംഘം പ്രകടനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രവാദികള്‍ നിയമവാഴ്ച അട്ടിമറിക്കുകയും കോര്‍പ്പറേറ്റ് മീഡിയകളും പോലീസും അതിന് ഒത്താശചെയ്യുകയുമാണ്. കര്‍ഷകസമരത്തെ അടിച്ചമര്‍ത്തിയെങ്കില്‍ മാത്രമേ കോര്‍പ്പറേറ്റ് ദല്ലാളന്മാരായ മോഡി സര്‍ക്കാറിന് മുന്നോട്ടുപോകാനാവൂ. അതിനുവേണ്ടി ഏത് ഹീനമായ വഴിയും അവര്‍ സ്വീകരിക്കും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
എന്നാല്‍ സംഘപരിവാറിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ശക്തമായി ചെറുക്കാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞു. ഗാസിപ്പുരില്‍ സമരത്തെ ഒഴിപ്പിക്കാന്‍ വേണ്ടി നോട്ടീസ് നല്‍കിയ യുപി സര്‍ക്കാറിനെയും പൊലീസിനെയും അമ്പരപ്പിച്ചുകൊണ്ടാണ് പതിനായിരിക്കണക്കിന് കര്‍ഷകര്‍ വെള്ളിയാഴ്ച അവിടെ തമ്പടിച്ചിരിക്കുന്നത്. സിംഘു ബോര്‍ഡറിലും സംഭവിക്കാന്‍ വേണ്ടി പോകുന്നത് മറ്റൊന്നല്ല. സമരത്തെ അടിച്ചമര്‍ത്തുന്നവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് കൂടുതല്‍ കര്‍ഷകര്‍ സമരകേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുകയാണ്. സമരകേന്ദ്രങ്ങളില്‍ നടന്നിട്ടുള്ള നിഷ്ഠൂരമായ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ബഹുജനപ്രക്ഷോഭം മാത്രമാണ് നമുക്ക് മുന്നിലുള്ള ഒരേയൊരായുധം- രാഗേഷ് ഡല്‍ഹിയില്‍ പറഞ്ഞു.

Leave a Reply