സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായി കെ കെ രമ എംഎല്‍എ. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ കെ രമ നിയമസഭയില്‍ പറഞ്ഞു.
കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത്. കപ്പിത്താന്‍ ആരാണെന്നാണ് ഇനി അറിയേണ്ടതെന്നും കെ കെ രമ ആഞ്ഞടിച്ചു. ആഭ്യന്തര വകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. എസ്എഫ്ഐക്കാര്‍ വാഴ വയ്ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. എ കെ ജി സെന്റര്‍ ആക്രമണം കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇവര്‍ പറഞ്ഞു.
അതേസമയം എകെജി സെന്റര്‍ ആക്രമണത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.