ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ പാർട്ടിയെ ഭയപ്പെട്ടാണ് ജീവിക്കുന്നത്; കെ കെ രമ

0
34

നിയമസഭയിൽ എം എം മണി നടത്തിയ പരാമർശം ഞെട്ടിക്കുന്നതായിരുന്നുവെന്ന് വടകര എംഎൽഎ കെ കെ രമ. മണിയുടെ പരാമർശം വല്ലാത്തൊരു പിരിമുറുക്കം നൽകിയെന്നും കെ കെ രമ പറഞ്ഞു. ഓരോ വിഷയത്തെയും ആസ്പദമാക്കിയാണ് സഭയിൽ താൻ സംസാരിക്കാറുളളതെന്നും കെ കെ രമ പറഞ്ഞു. മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു കെ കെ രമ. വൈധവ്യം വിധിയാണെന്ന എം എം മണിയുടെ പരാമർശം കേട്ട് തളർന്നുപോയി. അതുവരെ ഉണ്ടായിരുന്ന ശക്തി മുഴുവൻ ചോർന്നു പോയ പോലെ ആയി. നിന്നിടത്ത് ഐസ് ആയി പോകുക എന്നെല്ലാം പറയില്ലേ. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ. സങ്കടമാണോ കരച്ചിലാണോ ഒന്നും അറിയില്ല. ഒരു മിനിറ്റ് നിശബ്ദമായിപ്പോയി. ഞെട്ടിക്കുന്നതായിരുന്നു ആ പ്രസ്താവന- കെ കെ രമ പറഞ്ഞു. വ്യക്തിപരമായി ഒരു അനിഷ്ടവും തന്നോട് എംഎം മണിക്ക് ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ലെന്നും കെ കെ രമ പറഞ്ഞു.കാണുമ്പോൾ ചിരിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മണിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന സങ്കൽപം സഭയിൽ എത്തിയശേഷം സത്യത്തിൽ മാറുകയാണ് ചെയ്തത്. ഈ പ്രസ്താവന ഉണ്ടാകുന്നതു വരെ. അദ്ദേഹത്തോട് വലിയ സ്‌നേഹവും ബഹുമാനവും ആണ് ഉണ്ടായിരുന്നത്. പക്ഷേ ഇതു കേട്ടതോടെ തകർന്നുപോയി. അദ്ദേഹത്തെ അതു പറയാൻ നിയോഗിച്ചതാണെന്നാണ് ഞാൻ കരുതുന്നത്.

മണിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തുമെന്നാണ് താൻ വിചാരിച്ചതെന്നും കെ കെ രമ പറഞ്ഞു. ഏതാനും ദിവസം മുൻപ് വരെ വ്യക്തിശുദ്ധിയെ പറ്റിയാണല്ലോ നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചത്. അങ്ങനെ ഉള്ള അദ്ദേഹത്തിനും ആ വ്യക്തിശുദ്ധി ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. സഭയിൽ അങ്ങനെ ഒരു പരാമർശം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്ന് അദ്ദേഹം പറയുമെന്നാണ് ഞാൻ വിചാരിച്ചത്. സഭ നിർത്തിവച്ച ശേഷം മണിക്ക് വീണ്ടും സംസാരിക്കാൻ അവസരം കൊടുക്കുമെന്നും കരുതിയില്ല. അതും സ്പീക്കർ അനുവദിച്ചു. തിരുത്തുമെന്ന് പ്രതീക്ഷിച്ച് സമയം കൊടുത്തതാണെന്നാണ് സ്പീക്കർ ചിലരോട് പറഞ്ഞത്. പക്ഷേ മണി അതിനു തയാറായില്ല. മുഖ്യമന്ത്രി എഴുന്നേറ്റ പാടെ അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്തു. സ്പീക്കറുടെ ശക്തമായ ഒരു റൂളിങ്ങ് താൻ പ്രതീക്ഷിച്ചില്ലെന്നും കെ കെ രമ പറഞ്ഞു. ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുമെന്നേ കരുതിയുള്ളൂ. റൂളിങ് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രയും അർഥവത്തായ വാക്കുകളും ശക്തമായ ഭാഷയും ഉള്ള റൂളിങ്ങ് വിചാരിച്ചതിനും അപ്പുറത്തായി. നമ്മളെല്ലാം ഉള്ളാലെ പ്രതീക്ഷിച്ച ഒരു റൂളിങ്ങ്!. അത് എനിക്ക് വലിയ അത്ഭുതവും ആഹ്ലാദവും സമ്മാനിച്ചു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കി. പുരോഗമനവാദികൾ എന്നെല്ലാം പറയുമ്പോഴും പലപ്പോഴും അവർ  ചെയ്യുന്നത് എന്താണെന്ന് നമ്മുക്ക് അറിയാമല്ലോ. 

അങ്ങനെ ഒരു വീണ്ടു വിചാരത്തിന് ഭരണപക്ഷത്തിന് വരേണ്ടി വന്നതാണെന്നും കെ കെ രമ പറഞ്ഞു.  അല്ലെങ്കിൽ ഒറ്റപ്പെടുമെന്ന് തോന്നിയിട്ടുണ്ടാകാം. ഇടതുപക്ഷത്തു തന്നെ വലിയ വിമർശനങ്ങൾ ഉയർന്നല്ലോ. പാർട്ടി ആലോചിച്ചതിന്റെ ഭാഗമായാണോ,  സ്പീക്കറാണോ മുൻകൈ എടുത്തത് എന്നൊന്നും അറിയില്ല. എന്തായാലും വളരെ പുരോഗമന പരമായ ഒരു റൂളിങ്ങാണ് സ്പീക്കർ നൽകിയത്. താൻ പറഞ്ഞതിൽ ഒരു വാക്ക് എങ്കിലും പിൻവലിക്കുന്നതായി മണി പറയുകയും ചെയ്തല്ലോ. അത്രയും ആശ്വാസം. മണിയുടെ വിവാദ പരാമർശത്തിന് ശേഷം ഭരണപക്ഷത്തെ ധാരാളം പേർ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു. വിഷമിക്കേണ്ട സഖാവേ എന്ന് പലരും ആശ്വസിപ്പിച്ചു. പക്ഷേ മന്ത്രിമാർ ആരും തന്നെ ആ നിലയിൽ സംസാരിച്ചിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. 

നിയമസഭയിൽ എന്തു സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായാലും പ്രതിഷേധിക്കാറുള്ള ഭരണപക്ഷത്തെ വനിതാ അംഗങ്ങളുടെ ഇക്കാര്യത്തിലെ നിലപാടിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് കെ കെ രമയുടെ മറുപടി ഇങ്ങനെ. വളരെ ദയനീയമെന്നു മാത്രമെ അവരുടെ സമീപനത്തെ വിശേഷിപ്പിക്കാൻ കഴിയൂ. അത് എംഎൽഎമാരുടെ മാത്രം കാര്യമായി ഞാൻ പറയില്ല. മഹിളാ അസോസിയേഷന്റെ നേതാക്കളുടെയും സ്ത്രീപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരുടെയും മൗനം കുറ്റകരമായ അപകടം തന്നെയാണ്. യഥാർഥ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവർ ഉയർത്തുന്നതെങ്കിൽ ഇത്തരം സ്ത്രീവിരുദ്ധ പരാമർശം എവിടെ നിന്നു വന്നാലും പക്ഷം നോക്കാതെ അതിനെ എതിർക്കണം. അതു ചെയ്തില്ലെങ്കിൽ  അവരുടെ നിലപാടിലെ പൊള്ളത്തരമാണ് തുറന്നുകാട്ടപ്പെടുന്നത്. അക്കാര്യത്തിൽ ആനി രാജയുടെ കാര്യം മാത്രമേ എനിക്ക് എടുത്തു പറയാനുള്ളൂ. തന്റെ പാർട്ടി എതിർക്കുമോ എന്നുപോലും നോക്കാതെ സ്ത്രീപക്ഷ സമീപനം അവർ വ്യക്തമാക്കി. നിയമസഭ എന്നു പറയുന്നത് കെ. കെശൈലജ ടീച്ചർ അടക്കം ഇരിക്കുന്ന വേദിയാണ്. അതിനോടുള്ള എതിർപ്പ് ടീച്ചർക്ക് കൃത്യമായി എഴുന്നേറ്റു നിന്നു പറയാമായിരുന്നു. പക്ഷേ പാർട്ടിയെ ഭയപ്പെട്ടാണ് അവരെല്ലാം ജീവിക്കുന്നത്.സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന പാർട്ടിക്കാർക്കെതിരെ സംസാരിക്കാനുള്ള തന്റേടം അവർക്ക് ആർക്കുമില്ല. ഞാൻ കുറ്റം പറയില്ല. പക്ഷേ അത് അവർ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്നും അതുവഴി സമൂഹത്തോട്  വഞ്ചന കാണിക്കുകയാണെന്നും സ്വയം അവർ മനസ്സിലാക്കണം. 

അന്ന് സഭയിൽ ഇതിനെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം കെ കെ രമയ്ക്ക് കൈമാറാൻ പ്രതിപക്ഷത്തെ ഒരു അംഗം ശ്രമിക്കിച്ചിരുന്നു. എന്നാൽ രമ അത് സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു. അത്തരം പ്രകടനങ്ങൾ വേണ്ടെന്ന തീരുമാനമാണ് അതിന് പിന്നിലെന്നും കെ കെ രമ പറയുന്നു. ചന്ദ്രശേഖരന്റ ഫോട്ടോ പിടിച്ച് ഞാൻ നടക്കേണ്ട കാര്യമില്ലല്ലോ. എന്തിനെയാണ് ഞാൻ  പ്രതിനിധാനം ചെയ്യുന്നത് എന്നത് ഈ സമൂഹത്തിന് അറിയാമല്ലോ. അതിന് അപ്പുറം ഒരു പ്രകടനപരത അക്കാര്യത്തിൽ കാട്ടേണ്ട ആവശ്യം എനിക്കില്ല. സഭയിൽ ആദ്യ ദിനം ചന്ദ്രശേഖരന്റെ ബാഡ്ജ് ഞാൻ പ്രതീകാത്മകമായി ധരിച്ചതു ശരിയാണ്. പക്ഷേ അല്ലാതെ സമ്മേളനങ്ങൾക്കെല്ലാം പോകുമ്പോൾ ആ ബാഡ്ജ് കുത്താൻ എനിക്ക്  പ്രയാസമാണ്. – കെ കെ രമ പറഞ്ഞു. ആർഎംപി ഒരിക്കലും യുഡിഎഫിന്റെ ഭാഗമാകില്ലെന്നും കെ കെ രമ പറഞ്ഞു. കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി തന്നെ മുന്നോട്ടുപോകും. പക്ഷേ യുഡിഎഫ് തരുന്ന പിന്തുണ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. ആ പിന്തുണ മൂലമാണ് നിയമസഭയിൽ കടന്നുവരാൻ എനിക്ക് കഴിഞ്ഞതും. തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അംഗീകരിക്കാനും ചേർത്തു പിടിക്കാനും  യുഡിഎഫിനു കഴിയുന്നു. അതാണ് ജനാധിപത്യം. അതു കണ്ടു പഠിക്കണം. നിങ്ങളുടെ രാഷ്ട്രീയത്തിൽ ഞങ്ങൾ കൈ കടത്തുകയേ ഇല്ലെന്നാണ് തുടക്കത്തിലേ അവർ വ്യക്തമാക്കിയത്. സഭയിൽ തികച്ചും സ്വതന്ത്രമായാണ് ഞാൻ സംസാരിക്കുന്നത്. പക്ഷേ ഒരു സഹോദരിയെ പോലെയാണ് അവർ എന്നെ സംരക്ഷിക്കുന്നത്. മണി പ്രസംഗിച്ച ദിവസം അത് എനിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. പ്രതിപക്ഷനേതാവ് അടക്കം എല്ലാവരും എന്നെ സ്വന്തം  സോദരിയെ പോലെ ആശ്വസിപ്പിച്ചു.

സഭയിൽ ഏറ്റവും ഒടുവിലാണല്ലോ ഞാൻ വാക്കൗട്ട് പ്രസംഗം നടത്തുക. അപ്പോൾ അതിനു മുൻപ് വാക്കൗട്ട് പ്രസംഗം കഴിഞ്ഞ് ഇറങ്ങിയ ലീഗ് എംഎൽഎമാർ സഭയുടെ പിന്നിൽ തന്നെ നിൽക്കും. പ്രസംഗത്തിന്റെ ഭാഗമായി എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ ഞാൻ തനിച്ചായി പോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എന്റെ രാഷ്ട്രീയവും ലീഗിന്റെ രാഷ്ട്രീയവും തമമിൽ ഒരു ബന്ധവും ഇല്ല. പക്ഷേ അവർ പ്രസരിപ്പിക്കുന്നത് മനുഷ്യത്വമാണ്. ഇടതുപക്ഷം ഉയർത്തിപ്പിടിക്കേണ്ട മാനവികത മറ്റുള്ളവർ പുലർത്തുന്നത് കാണുമ്പോഴെങ്കിലും മനസ്സിലാക്കാൻ സിപിഎമ്മുകാർ  ശ്രമിക്കണം. മറ്റുള്ളവർ പറയുന്നത്   അംഗീകരിക്കാനോ സഹിഷ്ണുതയോടെ കേൾക്കാനോ കഴിയാത്തവരായി സിപിഎമ്മിലെ പലരും മാറിയിരിക്കുയാണ്.എല്ലാവരും എന്നു ഞാൻ പറയുന്നില്ല.- കെ കെ രമ പറഞ്ഞു. 

Leave a Reply