Pravasimalayaly

‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’… കെ ടി ജലീലിനെതിരെ നിയമസഭയില്‍ കെകെ ശൈലജയുടെ ആത്മഗതം, പിന്നാലെ വിശദീകരണം

തിരുവനന്തപുരം; മുന്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ കെടി ജലീലിനെക്കുറിച്ച് നടത്തിയ ആത്മഗതം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു പരമാര്‍ശം.ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ജലില്‍ ഇടക്ക് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങിക്കൊണ്ടായിരുന്നു ഈ ആത്മഗതം.
പരാമര്‍ശം വൈറലായതോടെ കെ കെ ശൈലജ വിശദീകരണവുമായെത്തി.നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.-അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു
ലോകായുക്ത ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ കെ ടി ജലീലും പങ്കെടുത്തു.സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ല. ബന്ധു നിയമന കേസില്‍ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ വന്നിരിക്കുന്നത്. നിരാകരിക്കാന്‍ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ല്‍ ഭരണഘടന തന്നെ ഭേദഗതി ചെയ്യാന്‍ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ടെന്നും ജലീല്‍ പറഞ്ഞു.
നിയമമന്ത്രി പി.രാജീവമാണ് ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ചര്‍ച്ചകള്‍ക്ക് പിന്നാലെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചര്‍ച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു

Exit mobile version