ദലിത് ക്രൈസ്തവ സംവരണം : ഇടതുപക്ഷ സർക്കാർ വഞ്ചിച്ചു : കെ കെ സുരേഷ്

0
58

സംവരണ വിഷയത്തിൽ കേരളത്തിൽ 30 ലക്ഷത്തിലധികം വരുന്ന ദലിത് ക്രൈസ്തവരെ എൽ ഡി എഫ് സർക്കാർ വഞ്ചിച്ചുവെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന കമ്മിറ്റി ആരോപിച്ചു.

ദലിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യങ്ങൾ നല്കുമെന്നുള്ള എൽ ഡി എഫ് വാഗ്ദാനം ലംഘിച്ച് എൽ ഡി എഫ് സർക്കാർ ദലിത് ക്രൈസ്തവരെ വഞ്ചിച്ചു. 7 സീറ്റിൽ മാത്രം സ്വാധീനമുള്ള നാടാർ വിഭാഗത്തിന് ഓ ബി സി സംവരണം അനുവദിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. കേരളത്തിലെ 70 നിയമസഭ മണ്ഡലങ്ങളിൽ 30 ലക്ഷം വരുന്ന ദലിത് ക്രൈസ്തവർ നിർണ്ണായകമാണെന്ന് സർക്കാർ മനസ്സിലാക്കണമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ 418, 419, 420, 581 ഭാഗങ്ങളിൽ ദലിത് ക്രൈസ്തവ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ സർക്കാർ മറ്റിതര മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം നൽകിയപ്പോൾ ദലിത് ക്രൈസ്തവരെ ബോധപൂർവം ഒഴിവാക്കി.

ഹിന്ദുമതത്തിൽ നിന്നും പരിവർത്തനം ചെയ്ത് ക്രിസ്തുമത വിശ്വാസികളായി ജീവിച്ചുവരുന്ന കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന ദലിത് ക്രൈസ്തവരുടെ സംവരണ പ്രശ്നങ്ങൾക്ക് നാളിതുവരെ പരിഹാരം കണ്ടെത്തുവാൻ കേന്ദ്ര സംസ്‌ഥാന ഗവണ്മെന്റുകൾക്ക് കഴിഞ്ഞിട്ടില്ല. പട്ടികജാതി സംവരണം നിലനിർത്തി ഇവർക്കായി പ്രത്യേക സംവരണം എന്ന ആവശ്യം ഉന്നയിച്ചാണ് സി എസ് ഡി എസ് സമര രംഗത്ത് കുറെ നാളുകളായി നിലകൊള്ളുന്നത്. ഭരണഘടന നിർമ്മിയ്ക്കുന്നതിന് മുൻപ് രൂപീകൃതമായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ തങ്ങളുടെ ഇടയിൽ വിവേചനം ഇല്ലെന്നും സാമ്പത്തിക അസമത്വം മാത്രമേ ഉള്ളു എന്നും സാമ്പത്തിക അസമത്വം ഞങ്ങൾ തന്നെ പരിഹരിച്ചുകൊള്ളാം, ന്യൂനപക്ഷ അവകാശം മതി; സംവരണം ഞങ്ങൾക്ക് ആവശ്യമില്ലെന്ന് സി എസ് ഐ/ലത്തീൻ സഭ ഒഴിച്ചുള്ള ക്രൈസ്തവ സഭാ നേതൃത്വം രേഖാമൂലം എഴുതി നല്കിയിട്ടുള്ളതാണ്. എന്നിരുന്നാലും എല്ലാ മതവിഭാഗങ്ങളിലും ഉൾപ്പെട്ട ദലിതർക്കും പട്ടികജാതി സംവരണാനുകൂല്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണഘടന പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് ചേർന്ന കേന്ദ്രമന്ത്രിസഭ പ്രസിഡൻഷ്യൽ ഓർഡറിലൂടെ ഹിന്ദുമതത്തിൽപ്പെട്ട ദലിതർക്ക് മാത്രം സംവരണാനുകൂല്യം പരിമിതപ്പെടുത്തി. പിന്നീട് സിഖ്‌, ബുദ്ധ, ജൈന മതസ്ഥരായ ദലിതർ സംവരണാനുകൂല്യം നേടിയെടുത്തു. എന്നാൽ ക്രിസ്തുമത വിശ്വാസികളായ ദലിത് ക്രൈസ്തവർക്ക് സംവരണാനുകൂല്യം ഇപ്പോളും അപ്രാപ്യമാണ്. 2011 ലെ സെൻസസ് പ്രകാരം ആകെയുള്ള ജനസംഖ്യയിൽ 6141269 പേർ ക്രിസ്ത്യൻ ജനസംഖ്യയാണ്. ഇതിൽ 30 ലക്ഷത്തിലധികം ദലിത് ക്രൈസ്തവർ ആണ് എന്നത് നാം തിരിച്ചറിയണം. ഇതോടൊപ്പം ക്രിസ്ത്യൻ മാനേജ്മന്റ് സ്‌ഥാപനങ്ങളിൽ നാമമാത്രമായ നിയമനങ്ങളെ നടത്താറുള്ളൂ. ഉയർന്ന ശമ്പളം ലഭിയ്ക്കുന്ന ബിരുദ കോളേജുകളിൽ പരിവർത്തിത ക്രൈസ്തവർക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പോലും നിയമനം നൽകാറില്ല. നിയമനങ്ങളിലും പ്രവേശനങ്ങളിലും സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്‌ഥയിൽ നിൽക്കുന്ന ദലിത് ക്രൈസ്തവർ അവഗണിക്കപ്പെടുന്നു.

ദലിത് ക്രൈസ്തവ വിഭാഗങ്ങൾക്ക് മതിയായ പരിഗണന നൽകാത്തപക്ഷം നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികൾ തിരിച്ചടി നേരിടുമെന്നും സംസ്‌ഥാന വ്യാപകമായി പ്രക്ഷോഭ സമരങ്ങൾ തുടരുമെന്നും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്, ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ ഷാജി ഡേവിഡ്, പ്രവീൺ ജെയിംസ്, ചിത്ര വിശ്വൻ, ട്രഷറർ ഷാജി മാത്യു തുടങ്ങിയവർ അറിയിച്ചു

Leave a Reply