തലസ്ഥാന നഗരിയിൽ പറന്നിറങ്ങിയ മുരളീധരന് വൻ വരവേല്പ്.നേമത്ത് വിജയം ഉറപ്പെന്ന് കെ മുരളീധരന്‍

0
35

തിരുവനന്തപുരം: കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന നേമം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് തലസ്ഥാനത്ത് ഗംഭീര സ്വീകരണം. 5.30 ഓടെ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കെ മുരളീധരനെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനൽ, കെ.പി.സി.സി സെക്രട്ടറി ജി.വി ഹരി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കമ്പറ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മറ്റ് നേതാക്കളും യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മണ്ഡലത്തില്‍ തന്റെ വോട്ടര്‍ന്മാരെ നേരില്‍ കാണാന്‍ തുറന്ന വാഹനത്തില്‍ എത്തിയ മുരളീധരന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മുരളിയെ സ്വീകരിക്കാനെത്തിയത്. പ്രവര്‍ത്തകര്‍ക്ക് പുറമെ മണ്ഡലത്തിലെ വോട്ടര്‍ന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. ഇവിടെയുണ്ടായ ആവേശം വോട്ടായി മാറുമെന്ന് മുരളീധരന്‍ പറഞ്ഞു. വിജയം ഉറപ്പാണ്. ബി.ജെ.പിയെ നേരിടാന്‍ സജ്ജമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജഗതി പാലത്തിന് സമീപത്തു നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. മണ്ഡലത്തിലെ ജഗതി, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം എട്ടുമണിയോടെ കരമനയില്‍ സമാപിച്ചു.

Leave a Reply