Pravasimalayaly

പരസ്യ വിമര്‍ശന വിവാദം; കെഎം ഷാജി ഇന്ന് പാണക്കാടെത്തി വിശദീകരണം നല്‍കിയേക്കും

നേതൃത്വത്തില്‍ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്നുവെന്ന വിവാദത്തില്‍ കെ എം ഷാജി ഇന്ന് വിശദീകരണം നല്‍കിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ നിരന്തരമായി പരസ്യ വിമര്‍ശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവര്‍ത്തക സമിതി യോഗത്തിലും ഷാജിക്ക് വിമര്‍ശനമുണ്ടായി. ഇതിന് പിന്നാലെ മസ്‌ക്കത്തിലെ കെഎംസിസി പരിപാടിയില്‍ സമാന പരാമര്‍ശം ഷാജി ആവര്‍ത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചത്. വിശദീകരണം നല്‍കാന്‍ കെ എം ഷാജിയോട് ഇന്ന് പാണക്കാടെത്താന്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. സാദിഖലി തങ്ങളെ കൂടാതെ ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പി എം എ സലാമും ഷാജിയുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത.

 അതേസമയം വിവാദങ്ങള്‍ക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി. മലപ്പുറം പൂക്കോട്ടൂര്‍ മുണ്ടിതൊടികയില്‍ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ‘ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും, വാക്കുകളില്‍ നിന്ന് മറ്റെന്തെങ്കിലും കിട്ടാന്‍ മെനക്കെടേണ്ടെ’ന്നും വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.എന്നാല്‍ തുടര്‍ന്ന് സംസാരിച്ച കെഎം ഷാജി പ്രസംഗ വിവാദം പരാമര്‍ശിച്ചില്ല.

Exit mobile version