കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ഷാദിനെ ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. ലഹരി മരുന്ന് കേസിലാണ് അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും കോടതിയില്‍ ഹാജരാക്കുന്നത്. ഇന്നലെ അറസ്റ്റിലാകുമ്പോള്‍ അര്‍ഷാദിന്റെ പക്കല്‍ നിന്നും അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്ന് കാസര്‍കോട് പൊലീസ് ഇതില്‍ കേസെടുത്തിരുന്നു.
ഈ കേസില്‍ ഹാജരാക്കിയശേഷം കോടതിയുടെ അനുമതിയോടെയാകും അര്‍ഷാദിനെ കൊച്ചിയിലെത്തിക്കുക. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്‌ലാറ്റില്‍ വെച്ച് വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അര്‍ഷാദിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അര്‍ഷാദിനെ കൊണ്ടുവരുന്നതിനായി കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു. ലഹരി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയ മൊഴി. ഫ്‌ലാറ്റില്‍ ലഹരി ഇടപാട് നടന്നിരുന്നോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം നടന്ന ഫ്ലാറ്റിലെ ഇടപാടുകള്‍ ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. ലഹരി സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ചൊവ്വാഴ്ചയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനം വിടാനായി ഇരുചക്രവാഹനത്തില്‍ സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ വാഹനത്തില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദിനെ പിടികൂടുന്നത്.