ആലപ്പുഴ ചെങ്ങന്നൂരിൽ സിൽവർ ലൈൻ പദ്ധിയുടെ കല്ലിടാൻ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻസ്‌പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടുത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം.’ നാട്ടുകാർക്കൊപ്പം നിന്ന് എംപി പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് ഉദ്യോഗസ്ഥനും പറഞ്ഞതോടെ എംപി രോഷാകുലനായി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനുമായി എം പി കാര്യങ്ങൾ സംസാരിച്ചു. സ്ഥലത്ത് ലോ ആൻഡ് ഓർഡർ മോശമാണെന്ന് മേൽ ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം മടങ്ങണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ആരായാലും താനിവിടെ തന്നെ നിൽക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതോടെ എം പി പൊട്ടിത്തെറിച്ചു. തന്നെക്കാളും വലിയ ആളാടോ ഞാൻ എന്ന് പലയാവർത്തി എം പി ഉച്ചത്തിൽ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വീഡിയോയിൽ കാണാം.