Pravasimalayaly

‘ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരം’; കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കെ റെയിലിനെതിരായ സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

പ്രതിഷേധക്കാര്‍ സര്‍വേ കല്ല് എടുത്തുകൊണ്ടുപോയി എന്നു വെച്ച് കല്ലിന് ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ നടത്താനും ഡിപിആര്‍ തയ്യാറാക്കാനും ഉള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വിമോചനസമരമാണ് പ്രതിപക്ഷ ലക്ഷ്യമെങ്കില്‍ അതിവിടെ നടക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം കെ റെയില്‍ സര്‍വേക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. കോട്ടയം നാട്ടാശ്ശേരിയില്‍ സര്‍വേ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുനാവായയിലും സമരക്കാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ചോറ്റാനിക്കരയിലും കോഴിക്കോട്ടും ഇന്നത്തെ സര്‍വേ മാറ്റിവെച്ചിരിക്കുകയാണ്.

Exit mobile version