‘പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്’; വിശ്വാസികള്‍ക്കും സി.പി.ഐ.എമ്മില്‍ അംഗത്വം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

0
29

വിശ്വാസികള്‍ക്കും സി.പി.ഐ.എമ്മില്‍ അംഗത്വം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്തും പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം നടത്തിയ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എം മുസ്ലിം വിരുദ്ധരാണെന്നും വിശ്വാസികള്‍ക്കെതിരാണെന്നും പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല. കേരളത്തില്‍ ഒറ്റപ്പെടുന്ന മുസ്ലിം ലീഗാണ് ഇത്തരം പ്രചാരണം നടത്തുന്നത്. കമ്യൂണിസ്റ്റായാല്‍ വിശ്വാസിയല്ലാതെ ആകുന്നുവെന്ന് ലീഗ് പ്രചരിപ്പിക്കുന്നു. വിശ്വാസികളെ സി.പി.ഐ.എമ്മില്‍ നിന്ന് അകറ്റാനാകില്ലെന്നും കോടിയേരി പറഞ്ഞു.

സംശയത്തോടെ നോക്കിയിരുന്ന മറ്റ് മതസ്ഥരും ഇന്ന് കമ്മ്യൂണിസത്തെ ചേര്‍ത്തുപിടിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍. അതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയത്. ഇത്തരം നിലപാട് ലീഗ് തുടര്‍ന്നാല്‍ ജനങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും അവര്‍ ഒറ്റപ്പെടും. വഖഫ് നിയമനത്തെ ചൊല്ലി ലീഗ് കലാപത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

നിയമനം പിഎസ്സിക്ക് വിടാന്‍ വഖഫ് ബോര്‍ഡാണ് ആവശ്യപ്പെട്ടത്. 2017 ലാണ് ബോര്‍ഡ് ഈ തീരുമാനം എടുക്കുന്നത്. അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ മുസ്ലിം ലീഗ് നേതാവായിരുന്നു. 2000ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചു. ഇതിനെതിരെ ലീഗ് എന്തുകൊണ്ട് അന്ന് രംഗത്തെത്തിയില്ലെന്നും കോടിയേരി ചോദിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

Leave a Reply