Sunday, January 19, 2025
HomeNewsKeralaമൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍,സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങള്‍; തലമുറമാറ്റവുമായി സിപിഎം

മൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍,സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങള്‍; തലമുറമാറ്റവുമായി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

അതേസമയം സിപിഎം സംസ്ഥാന നേതൃത്വത്തില്‍ തലമുറമാറ്റം. കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതോടെ നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 13 പേരെ ഒഴിവാക്കി. പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വല്‍സന്‍, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി, രാജു എബ്രഹാം, കെ അനില്‍കുമാര്‍, കെ കെ ലതിക, വി ജോയി, കെ എ സലീഖ, ആര്‍ കേളു തുടങ്ങിയവര്‍ സംസ്ഥാന സമിതിയിലെത്തിയിട്ടുണ്ട്.

ജില്ലാ സെക്രട്ടറിമാരായ എ വി റസല്‍, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗീസ് എന്നിവരെ സംസ്ഥാന സമിതിയിലുള്‍പ്പെടുത്തി. നേരത്തെ ക്ഷണിതാവായിരുന്ന തൃശൂര്‍ ജില്ലാ സെക്രട്ടറി വി വി വര്‍ഗീസിനെ സംസ്ഥാന സമിതിയില്‍ സ്ഥിരാംഗമാക്കി. മന്ത്രി ബിന്ദുവിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയ എം ചന്ദ്രനാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.

ഒഴിവാക്കപ്പെട്ടവര്‍:

വൈക്കം വിശ്വന്‍ (കോട്ടയം), കെ പി സഹദേവന്‍ (കണ്ണൂര്‍), പി പി വാസുദേവന്‍ (മലപ്പുറം), ആര്‍ ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട), ജി സുധാകരന്‍ ( ആലപ്പുഴ), കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി പി നാരായണന്‍, കെ വി രാമകൃഷ്ണന്‍ (പാലക്കാട്), എം ചന്ദ്രന്‍ (പാലക്കാട്), സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ.ജെ.തോമസ്, പി കരുണാകരന്‍ എന്നിവരാണ് ഒഴിവാകുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments