പി.ജയരാജൻ അനുകൂല പ്രചാരണങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ നേതാക്കളും ജനങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കോടിയേരി പറഞ്ഞു. സ്വന്തം നിലപാട് ജയരാജൻ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കാൻ നോക്കേണ്ട. ഒറ്റക്കെട്ടായുള്ള തീരുമാനം പി. ജയരാജൻ അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി. ജയരാജന്റെ മകൻ ജെയ്ൻ രാജ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ആരുടെ മകനായാലും പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണമെന്നാണ് കോടിയേരി പറഞ്ഞത്.
പി. ജയരാജന്റെ വീഡിയോ ഷെയർ ചെയ്ത് ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചിൽത്തന്നെ’ എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏത് പ്രതികരണമാണെങ്കിലും ഫേസ്ബുക്കിലല്ല, പാർട്ടിയിൽ പറയണമെന്നും കോടിയേരി വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടം പിടിക്കാതെ പോയതിനു പിന്നാലെയാണ് പി.ജയരാജനെ അനുകൂലിച്ച് റെഡ് ആർമി ഒഫീഷ്യൽ എഫ്.ബി പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ‘പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആർമി ഒഫീഷ്യൽ എഫ്.ബി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നത്.
‘കണ്ണൂരിൻ ചെന്താരകമല്ലോ ജയരാജൻ’ എന്ന പാട്ടും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പാർട്ടിയിൽ പദവിയല്ല നിലപാടാണ് വലുതെന്ന് പി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ചത്. ഉൾപാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് സി.പി.ഐ.എം എന്നും ജയരാജൻ പറഞ്ഞു.
മാധ്യമങ്ങൾക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും സി.പി.ഐ.എമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമർശനവും സ്വയം വിമർശനവും ഉള്ള പാർട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോൺഗ്രസിനുണ്ടോ. അതിൽ സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകൾ മാറികൊണ്ടിരിക്കുകയാണെന്നും പി. ജയരാജൻ പറഞ്ഞു.