പി.ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീപീഡന പരാതിയിലല്ല ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. സംഘടനാതത്വം ലംഘിച്ചതിനായിരുന്നു. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് ശരിയായ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുന്നത്. എല്ലാവരേയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും പി.ജയരാജനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് കോടിയേരി പ്രതികരിച്ചു.
75 വയസുള്ള എല്ലാവരേയും സംസ്ഥാന സമിതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ്. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരനും കത്ത് നല്‍കിയിരുന്നു. സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജില്ല കേന്ദ്രീകരിച്ച് സുധാകരന്‍ പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതികളില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെല്ലാം പകരം ചുമതല നല്‍കുമെന്നും കോടിയേരി വിശദീകരിച്ചു