നോക്കു കൂലി വ്യക്തിപരമായ കുറ്റം, വാങ്ങുന്നവർക്കെതിരെ കർശന നടപടി വേണം: കോടിയേരി ബാലകൃഷ്ണൻ

0
54

ആരെങ്കിലും നോക്കുകൂലി വാങ്ങുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ കുറ്റമാണെന്നും അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോക്കുകൂലിക്ക് നേരത്തെ മുതൽ തന്നെ സിപിഎം എതിരാണ്. ഒരു തരത്തിലും നോക്കുകൂലി സമ്പ്രദായം പ്രോൽസാഹിപ്പിക്കാൻ പാടില്ല. ഇതിനെതിരെതിരെ കർശന നടപടി വേണം. സി ഐ ടി യു അടക്കം എല്ലാ തൊഴിലാളി സംഘടനകളും നോക്കുകൂലിക്കെതിരാണ്. നോക്കുകൂലിക്ക് ഒരു തരത്തിലും സംഘടനയുടെ അംഗീകാരമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വലതുപക്ഷ ശക്തികളും വർഗ്ഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരും ചേർന്ന് എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങളെ എതിർക്കുന്ന വിശാല മുന്നണി കേരളത്തിൽ രൂപപ്പെട്ടുവരുന്നുണ്ട്. ഇത് തുറന്നു കാണിക്കണമെന്നും ശക്തമായ കാംപയിൻ നടത്തണമെന്നും സിപിഎം സമ്മേളനത്തിൽ ആവശ്യപ്പെട്ടതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ കെ റെയിൽ മാത്രമല്ല, നാലുവരി പാതകൾ, തീരദേശ പാത, മലയോര പാത എന്നിവയും വരികയാണ്. ഇതിന്റെ കൂടെ സെമി ഹൈസ്പീഡ് കെ റെയിലും വരും അത് യാഥാർഥ്യമാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രക്ഷോഭം ഒരു ഭാഗത്ത് നടക്കും കാര്യം നടപ്പിലാക്കുക തന്നെ ചെയ്യും. ഗ്യാസ് പൈപ്പ് ലൈനിനെതിരെ ഇവിടെ സമരം നടന്നില്ലേയെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

പ്രാദേശികമായിട്ടുള്ള സംഘടന പ്രശ്നങ്ങളിൽ സമയബന്ധിതമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചതായും കോടിയേരി പറഞ്ഞു. സ്ത്രീപക്ഷ കേരളം രൂപപ്പെടുത്തുന്നതിന് സിപിഎം മുൻകൈ എടുക്കണം. കേരളത്തിന്റെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനമാണ് നടന്നത്. നയരേഖ സംബന്ധിച്ച് നടന്ന ചർച്ചയിൽ കാർഷിക മേഖല ശക്തിപ്പെടുത്താൻ നിർദ്ദേശങ്ങൾ ഉയർന്നു. കാർഷിക മേഖലയിൽ തൊഴിൽ സേന രൂപീകരിക്കണം. കാർഷിമേഖലയിലെ ഉൽപ്പന്നങ്ങൾ സംഭരിച്ച് ഉൽപ്പന്നങ്ങൾക്ക് ന്യായ വില ഉറപ്പു വരുത്തി വിപണന സംവിധാനം ശക്തിപ്പെടുത്തണമെന്നത് നയരേഖയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയും യോജിച്ച് കാർഷിക മേഖലയിൽ ഉൽപ്പാദന വർധനവിന് പദ്ധതികൾ ആവിഷ്‌കരിക്കണം. പട്ടയപ്രശ്നം പരിഹരിക്കാൻ വേഗതയിൽ ഇടപെടീൽ വേണം. ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കാൻ പ്രാധാന്യം നൽകണം. പുറമ്പോക്കുകളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകാൻ പ്രത്യേക പരിഗണന നൽകണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു. തീരശേഷണം പരിഹരിക്കാൻ ശാസ്ത്രീയമായ ഇടപെടൽ വേണം. നയരേഖ സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും ഇതിനായി കലണ്ടർ രൂപീകരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നതായി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

സമ്മേളനത്തിൽ ഉയർന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും നയരേഖയിൽ അന്തിമ തീരുമാനമെടുക്കുകയെന്നും കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.നയരേഖയിൽ നടന്ന ചർച്ചയിൽ നാളെ സമ്മേളനത്തിൽ മറുപടി പറയും. ഉൾക്കൊള്ളിക്കേണ്ടവ ഉൾക്കൊള്ളിച്ച് സമ്മേളനത്തിന്റെ അംഗീകാരത്തിനായി നയരേഖ സമർപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പോലിസിനെതിരെ സമ്മേളനത്തിൽ വിമർശനം ഉയർന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ഇടതുപക്ഷ സർക്കാരിന് പോലിസ് നയമുണ്ടെന്നും അത് ജനസൗഹൃദമാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. അതു നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിലെന്തെങ്കിലും പാളിച്ചകൾ ഉണ്ടെങ്കിൽ തിരുത്തും. ഇടതു നയമല്ല സർക്കാരിന്റെ നയമാണ് പോലിസിനെ പഠിപ്പിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ നയം നടപ്പിലാക്കാനല്ല പോലിസ് നിൽക്കുന്നത് അതിന് വിരുദ്ധമായി നിൽക്കുന്ന പോലിസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ നാട്ടിൽ വ്യവസ്ഥയുണ്ടെന്നും അതനുസരിച്ച് സർക്കാർ ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പോലിസിന്റെ പ്രവർത്തനത്തിൽ ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ എല്ലാക്കാലത്തും ഉണ്ടാകും. അത് തിരുത്തി മുന്നോട്ടുപോകാനെ കഴിയുവെന്നും കോടിയേരി ബാലകഷ്ണൻ പറഞ്ഞു. സ്ത്രീ പുരുഷ സമത്വം പാർട്ടിയിൽ വേണമെന്ന് സമ്മേളനത്തിൽ ഏതാനും പ്രതിനിധികൾ ആവശ്യപ്പെട്ടതായി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വികസന രേഖ നാളെ സമ്മേളനം അംഗീകരിച്ചുകഴിഞ്ഞാൽ ഉച്ചയ്ക്ക് 12 മണിയോടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കും. പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തതിന് ശേഷം ആ കമ്മിറ്റിയാണ് സമ്മേളനത്തിൽ വെച്ച് തന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുക്കണോ അതോ സെക്രട്ടറി മാത്രം മതിയോ എന്ന് തീരുമാനിക്കുകയെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറിക്കെതിരെ സമ്മേളനത്തിൽ ഒരു തരത്തിലും വിമർശനം ഉയർന്നിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ 50 ശതമാനം സ്ത്രീ സംവരണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. 

Leave a Reply