Sunday, November 17, 2024
HomeNewsKeralaവിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് വധശ്രമം തന്നെ: നിലപാട് തിരുത്തി കോടിയേരി

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് വധശ്രമം തന്നെ: നിലപാട് തിരുത്തി കോടിയേരി

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തില്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കുനേരെ നടന്നത് വധശ്രമമാണെന്ന് പാര്‍ട്ടിപ്പത്രത്തിലെ ലേഖനത്തില്‍ കോടിയേരി പറയുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങും മുന്‍പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന് മുദ്രാവാക്യം മുഴക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കും. മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് ഇറങ്ങിയശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. വിമാനം നിർത്തിയപ്പോൾതന്നെ മുഖ്യമന്ത്രി പുറത്തിറങ്ങി. യൂത്ത് കോൺഗ്രസുകാർക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. അതിനാൽ വിമാനത്തിൽ വച്ച് അവർ മുദ്രാവാക്യം വിളിച്ചു. അപ്പോൾ ജയരാജനും ആളുകളും അവരെ തടഞ്ഞെന്നുമാണ് കോടിയേരി നേരത്തേ പറഞ്ഞത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി അന്വേഷിക്കും. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും. ഇൻഡിഗോ വിമാനത്തിൽ ഇന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ് മഹസ്സർ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.  

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments