തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ല. പ്രതിപക്ഷം കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. സിൽവർലൈൻ ഇരകളുമായി ചർച്ചയ്ക്ക് തയാറാണ്. കുഞ്ഞുങ്ങളെ സമര രംഗത്തു കൊണ്ടുപോകുന്നത് ബോധപൂർവമാണെന്നും കോടിയേരി ആരോപിച്ചു.
സിപിഐ രാജ്യസഭാ സീറ്റ് വില പേശി വാങ്ങിയെന്നത് ശരിയല്ല. സിപിഐ വില പേശുന്ന പാർട്ടിയല്ല. എൽഡിഎഫ് തീരുമാനമനുസരിച്ചാണ് സീറ്റ് വിഭജനമെന്നും കോടിയേരി പറഞ്ഞു.
നവകേരള രേഖ 25 വർഷത്തേക്കുള്ള കർമ്മ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലെ ഉയർത്തണമെന്നും അടിസ്ഥാന വർഗത്തേയും ഉയർത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എല്ലാ മേഖലയിലും സർക്കാർ ഇടപെടലാണ് നവകേരള രേഖ ശുപാർശ ചെയ്യുന്നത്. സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ന്യായമായ പരിഗണന നൽകുന്നില്ല. സഹായം കുറയുകയാണ്. പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഫണ്ട് മാത്രം കൊണ്ട് നടക്കില്ല. പുതിയ വരുമാനം വേണം. സ്വകാര്യ മൂലധനത്തേയും ആശ്രയിക്കണം. നാടിന്റെ താത്പര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കും. നിബന്ധനകൾ പരിശോധിക്കണം. ശക്തമായ സാമൂഹിക നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാർത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യസ മേഖലയും വികസിപ്പിക്കണം. കാർഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവർധിത ഉൽപ്പന്നങൾ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങൾക്ക് പൂർണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങൾക്കായി ഇടപെടണം. പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടർചക്ക് ദിശാബോധം നൽകാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എൽഡിഎഫിന്റെ പുതിയ രേഖക്ക് രൂപമാകും. എൽഡിഎഫ് രേഖ സർക്കാർ നടപ്പാക്കും. വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമങ്ങൾ എല്ലാവരുമായി ചർച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.